ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു; ‘ആജീവനാന്തകാലം മോദിയുടെ അനുയായി ആയി തുടരും’

ദില്ലി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല വീണ്ടും പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. പാർട്ടിയിൽ നിന്നും സംഘടനാ ചുമതലകളിൽ നിന്നും രാജിവെച്ചുള്ളതാണ് കത്ത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂനവാല പാർട്ടി നേതൃത്വത്തിന് രാജി സമർപ്പിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒപ്പം സംഘടനയിലെ എല്ലാ ഭാവി ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് രാജിക്കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലെ (ട്വിറ്റർ) തന്റെ ബയോ (Bio) അദ്ദേഹം പുതുക്കി. ബിജെപി ദേശീയ വക്താവ് എന്ന വിവരണം നീക്കം ചെയ്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി ആജീവനാന്തം തുടരുമെന്ന് തന്റെ പ്രൊഫൈലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2017-ൽ കോൺഗ്രസ് പാർട്ടിയിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് ആരോപിച്ചാണ് ഷെഹ്സാദ് പൂനവാല കോൺഗ്രസ് വിട്ടത്. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം പിന്നീട് പാർട്ടിയുടെ ദേശീയ വക്താവായി. ടെലിവിഷൻ ചർച്ചകളിൽ പാർട്ടിയുടെ പ്രധാന വക്താക്കളിലൊരാളായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിന്മാറ്റമാണോ അതോ മറ്റ് രാഷ്ട്രീയ തീരുമാനങ്ങളാണോ വരാനിരിക്കുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.




