Uncategorized

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല, മുന്നണി യോഗം വിളിച്ചാൽ ഉറപ്പായും ആവശ്യപ്പെടും; സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യമടക്കം ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കുന്നതിന് സി പി ഐക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും പാർലമെന്‍ററി പാർട്ടി യോഗം മാത്രമായി ചേരുന്നത് ഔചിത്യം അല്ലെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണിയിൽ ചർച്ച വന്നാൽ പ്രതിപക്ഷ ഉപ നേതൃസ്ഥാനം ഉറപ്പായും ആവശ്യപ്പെടും. എൽ ഡി എഫിനെ സി പി ഐക്ക് നന്നായി അറിയാമെന്നും ആവശ്യത്തിൽ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോകില്ലെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടങ്ങിയ പ്രതിസന്ധി
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി ഉടലെടുത്തത്. പ്രശ്നത്തിന് പരിഹാരം കാണാൻ സി പി ഐയും സി പി എമ്മും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഉപ നേതാവ് പദവി തങ്ങൾക്കാണ് എന്ന കീഴ്വഴക്കമാണ് സി പി എം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യ്തതിൽ പിണറായി വിജയന്‍റെയും എം വി ഗോവിന്ദന്‍റെയും വാദങ്ങൾക്കെതിരെ തുറന്നടിച്ച് നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയതിരുന്നു. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കീഴ്വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറിയേ തീരൂ എന്നുമാണ് ബിനോയ് വിശ്വം പരസ്യമായി പറഞ്ഞത്. എല്ലാ സ്ഥാനവും ഒരു പാർട്ടിക്ക് എന്ന രീതി മാറണമെന്ന നിലപാടും ബിനോയ് ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നോ കൊംപ്രമൈസ് എന്ന നിലപാടിൽ ഒരു മാറ്റവും പ്രതീക്ഷിക്കണ്ടെന്ന് അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. കീഴ്വഴക്കമാണ് സി പി എമ്മിന്‍റെ പ്രതിരോധമെങ്കിൽ അത് തിരുത്തിയേ പറ്റൂ എന്ന നിലപാടിൽ ഒരു മാറ്റവുമില്ലാതെ സി പി ഐ തുടരുകയാണ്. പ്രതിപക്ഷനേതാവ് പിണറായിക്കൊപ്പം ഉപനേതാവ് പദവിയിൽ ബാലഗോപാൽ എന്നാണ് സി പി എം കരുതുന്നത്. പദവി ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കിലും ഉപനേതാവിനെ പോലെയാണ് സഭാ സമ്മേളനത്തിലെ ബാലഗോപാലിന്‍റെ ഇടപെടലുകൾ. എന്നാൽ പിണറായിക്ക് അടുത്തുള്ള കസേര കെ രാജന് വേണ്ടി വേണമെന്ന നിലപാടിൽ തന്നെ തുടരുകയാണ് സി പി ഐ. ഇരുപക്ഷവും നിലപാടിൽ ഉറച്ചതോടെ സമവായസാധ്യത മങ്ങി എൽ ഡി എഫ് യോഗമടക്കം നീണ്ടുപോകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button