മത്സ്യത്തൊഴിലാളി വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ഉത്തരവാദിത്തത്തോടെ; പ്രശംസിച്ച് ലത്തീൻ ആർച്ച് ബിഷപ്പ്

കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. മത്സ്യത്തൊഴിലാളി വിഷയത്തില്‍ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും പത്ത് ദിവസത്തിനുള്ളില്‍ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള വി ഡി സതീശന്റെ ഓരോ പ്രവര്‍ത്തനത്തെയും നോക്കിക്കാണുന്നത്. കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും രൂപതയുടെയും ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന് കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയിരുന്നു. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി വീട്ടിലെത്തിയത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. ഒരു കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കാലത്തും നടക്കാത്ത വിധത്തിലുള്ള തിരച്ചിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രമാണ് തിരച്ചില്‍ നടക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം തിരച്ചില്‍ നടന്നിരുന്നു. പരമാവധി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടില്‍ എംഎല്‍എമാരായ മുഹമ്മദ് റിയാസ്, വി ജോയ്, മുന്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്കൊപ്പം പ്രതിപക്ഷനേതാവ് പിണറായി വിജയൻ എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും രക്ഷാപ്രവര്‍ത്തനത്തിന് ബിജെപി നേതാവിനോട് സഹായം തേടിയത് വിചിത്രമായ കാര്യമെന്നും അദ്ദേഹം ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിനോട് കേന്ദ്ര സഹായം തേടുന്ന അവസ്ഥ ഉണ്ടായി. കാര്യങ്ങള്‍ അങ്ങനെയല്ല ഏകോപിപ്പിക്കേണ്ടത്. നേവിയുടെ അടക്കം സഹായം തേടിയാല്‍ അവര്‍ ഉടന്‍ വരുന്നവരാണ്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും ഇങ്ങനെ ആയിരുന്നില്ല. ഏതെങ്കിലും ഒരു ബിജെപി നേതാവ് വഴി അല്ല സഹായം തേടേണ്ടത്. കൃത്യമായി ഇടപെടല്‍ ഉണ്ടായില്ലെന്നും പിണറായി വിജയന് ആരോപിച്ചു. സര്‍ക്കാര്‍ തെറ്റ് തിരുത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണം. കുടുംബം അറിയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




