Uncategorized

വിവാദ വന്ദേമാതരം കത്ത്: നിർദ്ദേശം ചീഫ് സെക്രട്ടറിയുടേത് തന്നെ; ഇടപെട്ടെന്ന ആരോപണം നിഷേധിച്ച് ലോക്ഭവൻ

തിരുവനന്തപുരം: വിവാദ വന്ദേമാതരം നിർദ്ദേശം ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐഎഎസിൻ്റേത് തന്നെ. വിഷയത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ലോക്ഭവൻ അറിയിച്ചു. ​ഗവ‍ർണറുടെ നി‍ർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി വിവാദ വന്ദേഭാരത നി‍ർദ്ദേശം നൽകിയതെന്നായിരുന്നു നേരത്തെ സ‍ർക്കാർ വാദം. എന്നാൽ ഈ വാദം ലോക്ഭവൻ നിഷേധിച്ചതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർ​ദ്ദേശം ഇതോടെ കൂടുതൽ ദുരൂഹമാകുകയാണ്.

സർക്കാർ പുറത്തിറക്കിയ സർക്കുലർ ​ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി മറികടന്നെന്നായിരുന്നു മന്ത്രിമാ‍ർ വ്യക്തമാക്കിയിരുന്നത്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി രണ്ട് ദിവസം കഴിഞ്ഞായിരുന്നു സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങളിൽ വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാൽ ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ഇതിന് വിരുദ്ധമായ നിർദ്ദേശമാണ് നൽകിയിരുന്നത്.

സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓ​ഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ ​സർക്കുലർ പുറത്തിറക്കിയത്. എന്നാൽ സർക്കാർ പുറത്തിറക്കിയ മാർ​​ഗ്​ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഓ​ഗസ്റ്റ് ആറാം തീയതി ചീഫ് സെക്രട്ടറി കത്തയയ്ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് സർക്കാർ പുറത്തിറക്കിയ സർക്കുലറിന് വിരുദ്ധമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള കത്ത് ചീഫ് സെക്രട്ടറി അയച്ചത്.

ഈ വർഷത്തെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ഓഗസ്റ്റ് ഒൻപത് മുതൽ 17 വരെ ആചരിക്കണമെന്ന് ചൂണ്ടിക്കാണിയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സാംസ്‌കാരിക മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. ഇതിന് ചുവട് പിടിച്ചായിരുന്നു ചീഫ് സെക്രട്ടറിയുടെ വിവാദ നിർദ്ദേശം. 2022-ൽ ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ഹർ ഘർ തിരംഗ ക്യാമ്പയിന്റെ തുടർച്ചയായാണ് 2026-ലെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ദേശീയഗാനമായ ‘വന്ദേ മാതരം’ 150-ാം വാർഷികാഘോഷങ്ങളുടെ രാജ്യവ്യാപകമായ മൂന്നാം ഘട്ടത്തോടൊപ്പം ഈ വർഷത്തെ ഹർ ഘർ തിരംഗ ക്യാമ്പയിൻ സംയോജിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അധ്യക്ഷനായ നാഷണൽ ഇംപ്ലിമെന്റേഷൻ കമ്മിറ്റി ഇതിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കത്തിൽ സാംസ്കാരിക വകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒൻപത് മുതൽ 17 വരെയുള്ള കാലയളവിൽ നടക്കുന്ന എല്ലാ ഭൗതിക പരിപാടികളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിനൊപ്പം ‘വന്ദേ മാതരം’ എന്ന ദേശീയഗാനം കൂട്ടായി ആലപിക്കണമെന്നും സാംസ്കാരിക മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

ആഗസ്റ്റ് നാലാം തീയതിയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ- പ്രോട്ടോക്കോൾ വകുപ്പ് സർക്കുലർ ഇറക്കിയത്. സ്വാതന്ത്രദിന ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ചടങ്ങുകൾ സംബന്ധിച്ച മാർ​ഗ്​ഗ നിർദ്ദേശങ്ങളാണ് സർക്കുലറിൽ നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ രാവിലെ 9.00 മണിക്ക് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തുന്നത് അടക്കമുള്ള ചടങ്ങുകളെ സംബന്ധിച്ചാണ് സർക്കുലർ വ്യക്തമാക്കുന്നത്. ദേശീയ ഗാനാലാപനം, പൊലീസ്, കേന്ദ്ര അർധസൈനിക വിഭാഗങ്ങൾ, സൈനിക് സ്കൂൾ അശ്വാരൂഢ പൊലീസ്, എൻസിസി, എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ പരേഡ് മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിന സന്ദേശം, ജീവൻ രക്ഷാ പതക്കങ്ങളുടെയും വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ ഡൈലുകളുടെയും വിതരണം വിദ്യാർഥികളുടെ ദേശഭക്തിഗാനം എന്നിവ ചടങ്ങിന്റെ ഭാഗമായിരിക്കും എന്നും സർക്കുലർ ചൂണ്ടിക്കാണിച്ചിരുന്നു. ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന ചടങ്ങിനെ സംബന്ധിച്ചും സർക്കുലറിൽ മാർ​ഗ്​ഗ നിർദ്ദേശമുണ്ട്. ഓരോ ജില്ലാ ആസ്ഥാനത്തും സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം രാവിലെ ഒൻപത് മണിക്കോ ശേഷമോ ദേശിയ പതാക ഉയർത്തേണ്ടതാണെന്നും സർക്കുലറിൽ നി‍ർദ്ദേശമുണ്ട്. ദേശീയ ഗാനാലാപനം, പൊലീസ്, ഹോംഗാർഡ്സ്, എൻസിസി, എംഡിജി എന്നിവരുടെ പരേഡ് മന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം എന്നിവ സംഘടിപ്പിക്കേണ്ടതാണെന്നും സർക്കുലർ വ്യക്തമാക്കുന്നു. സബ് ഡിവിഷൻ / ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഓഫീസുകൾ, ആരോ​ഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട മ‍ാ‍ർ​​ഗ്​ഗ നിർദ്ദേശങ്ങളും സർക്കുലറിൽ ഉണ്ട്. ഇതിന് പുറമെ പൊതു നിർദ്ദേശങ്ങളും സ‍ർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button