പത്തനംതിട്ടയിലെ മിന്നൽ പ്രളയം; ‘വലിയ നാശനഷ്ടങ്ങൾ ഉണ്ടായി, സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കും’: കെഎസ്ഇബി

പത്തനംതിട്ട ജില്ലയിലെ മിന്നൽ പ്രളയത്തിൽ വലിയ നാശനഷ്‌ടങ്ങൾ ഉണ്ടായതായി കെഎസ്ഇബി. വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, കോഴഞ്ചേരി, ആറന്മുള, വകയാർ, കോന്നി, അയിരൂർ സെക്ഷനുകളുടെ പരിധിയിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രാൻസ്ഫോർമറുകളും ഫീഡറുകളും ഓഫ് ചെയ്യേണ്ടി വന്നെന്നും കെഎസ്ഇബി അറിയിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഴുവൻ ജീവനക്കാരെയും ഫീൽഡിൽ വിന്യസിച്ചു. പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടായത്.
സുരക്ഷാ പ്രശ്നനങ്ങൾ പരിഹരിച്ചതിനുശേഷം ഘട്ടം ഘട്ടമായി വൈദ്യുതി പുനസ്ഥാപിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുമുണ്ടായി. മഴക്കെടുതിയിൽ സംസ്ഥാനത്ത് 4 മരണവും റിപ്പോർട്ട് ചെയ്തു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.




