32 കോടി രൂപ വായ്പയെടുത്തത് തിരികെ നൽകാനില്ല, എംഡിയെ കൊല്ലാൻ ശ്രമിച്ച് സഹ ചെയർമാൻ, പദ്ധതി പാളി, 7 പേർ അറസ്റ്റിൽ

പാൽഘർ: കമ്പനി സ്വന്തമാക്കണം കടം വാങ്ങിയ പണം തിരികെ നൽകാനും മനസില്ല കമ്പനിയുടെ എംഡി കൊല്ലാൻ ശ്രമിച്ച് കമ്പനിയുടെ സഹ ചെയർമാൻ. മഹാരാഷ്ട്രയിലെ പാൽഘറിലെ വസായിൽ പ്രവർത്തിക്കുന്ന ജി.എസ്.എം ഫോയിൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മോഹൻസിംഗ് പർമാറിനെയാണ് കമ്പനിയുടെ കോ ചെയർമാൻ കൊല്ലാൻ ശ്രമിച്ചത്. കമ്പനി പൂർണമായി സ്വന്തമാക്കാനും എംഡിക്ക് നൽകാനുണ്ടായിരുന്ന 32 കോടി രൂപ നൽകാതിരിക്കാനും ലക്ഷ്യമിട്ടായിരുന്നു കൊലപാതക ശ്രമം. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചായിരുന്നു ഈ കൊലപാതക ശ്രമം. സാഗർ ഭാനുശാലി അടക്കമുള്ള ഏഴംഗ സംഘത്തേയാണ് പൊലീസ് പിടികൂടിയത്. ബൈക്കിലെത്തിയ സംഘമാണ് പർമാറിനെ വെടിവയ്ക്കാൻ ശ്രമിച്ചത്. എന്നാൽ വെടിവയ്ക്കാൻ ആരംഭിച്ചതിന് പിന്നാലെ തന്നെ തോക്കിന് തകരാർ നേരിട്ടതോടെ അക്രമികൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പർമാറിന്റെ തോളിന് വെടിയേറ്റിരുന്നു. 46കാരനായ പർമാർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
ഓഹരി വിപണിയിലുണ്ടായ തകർച്ചയാണ് സാഗർ ഭാനുശാലിയെ കടക്കെണിയിലാക്കിയത്. 55 കോടി രൂപയുടെ കടമാണ് അടുത്തിടെ സാഗർ പലരിൽ നിന്നായി എടുത്തത്. കമ്പനിയിടെ തന്റെ ഓഹരി 32 കോടി രൂപയ്ക്ക് വാങ്ങാൻ സാഗർ നിരവധി തവണ പർമാറിനെ നിർബന്ധിച്ചിരുന്നു. പിന്നീട് ഈ പണം കടമായി എടുത്തു. ഈ പണം തിരികെ നൽകാതിരിക്കാനായി കൊലപാതകത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമ്പത്തിക ബാധ്യത ഒഴിവാകുന്നതിനൊപ്പം കമ്പനിയും വരുതിയിലാക്കാമെന്ന ലക്ഷ്യത്തിലായിരുന്നു കൊലപാതക ശ്രമം. 40 ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് വാടക കൊലയാളികളെ ഇയാൾ വരുത്തിയത്. 5 ലക്ഷം രൂപയാണ് വാടക കൊലയാളികൾക്ക് സാഗർ അഡ്വാൻസായി നൽകിയത്. കമ്പനി എം.ഡിക്ക് നേരെയുണ്ടായ വധശ്രമവും ഡയറക്ടറുടെ അറസ്റ്റും വിപണിയിൽ വൻ ചലനമുണ്ടാക്കി. സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ജി.എസ്.എം ഫോയിൽസിന്റെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.




