പരക്കെ മഴ; കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ല

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ജലാശയങ്ങളിൽ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു. ജില്ലയിൽ തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും.
പുഴകൾ, അരുവികൾ, തടയണകൾ, ജലാശയങ്ങൾ എന്നിവയിൽ ഇറങ്ങുന്നതും മീൻപിടിത്തം, കുളി, നീന്തൽ, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവർത്തനങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങൾ അടച്ചിടാനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഉത്തരവ് കർശനമായി നടപ്പാക്കാൻ പോലീസിനും വനം വകുപ്പിനും ഡി.ടി.പി.സിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ബന്ധപ്പെട്ട മറ്റു നിയമങ്ങൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.




