കുഞ്ഞികൃഷ്ണന്‍ നടത്തിയത് അസത്യ പ്രചാരണം; പയ്യന്നൂരിലെ ഫലം റദ്ദാക്കണമെന്ന മധുസൂദനന്റെ ഹര്‍ജി CPIM അറിവോടെ

കണ്ണൂര്‍: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്റെ ഹര്‍ജി സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് മധുസൂദനന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അസത്യ പ്രചാരണമാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ നടത്തിയതെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.
കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ രക്തസാക്ഷി ഫണ്ട് കണക്ക് ഉള്‍പ്പെടെ വ്യാജമെന്നും സിപിഐഎം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി ഐ മധുസൂദനന്‍ ഹൈക്കോടതിയെ സമീപിച്ചത്. താന്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയെന്നും കള്ളനാണെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചെന്നും ഈ പ്രചാരണത്തിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ഹാജരാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് ഗാനത്തില്‍ കുഞ്ഞികൃഷ്ണന്‍ തന്നെ കള്ളന്‍ എന്ന് വിശേഷിപ്പിച്ചെന്നും മധുസൂദനന്‍ ആരോപിക്കുന്നുണ്ട്. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ്. 50,000 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വിജയിച്ചിരുന്ന താന്‍ 7,000 വോട്ടുകള്‍ക്ക് തോറ്റതിന് പിന്നില്‍ വ്യാജ പ്രചാരണങ്ങളായിരുന്നുവെന്നും മധുസൂദനന്‍ ചൂണ്ടിക്കാട്ടി.



