എക്സിലെ ബയോയിൽനിന്ന് ‘ബിജെപി’ ഒഴിവാക്കി, ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു? ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യം

ദില്ലി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി അഭ്യൂഹം. പൂനവാല തൻ്റെ എക്സിലെ ബയോയിൽ മാറ്റം വരുത്തിയതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ബിജെപി വക്താവ് എന്ന് രേഖപ്പെടുത്തിയിരുന്ന ബയോയിൽ നിലവിൽ ബിജെപി എന്ന് പരാമർശമില്ല. ആജീവനാന്തകാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിരിക്കുമെന്ന് ബയോയിലുണ്ട്. തൻ്റെ പുതിയ ബയോ പൂനവാല തന്നെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ മതം ഇസ്ലാമാണെന്നും സംസ്കാരം ഹിന്ദുവിൻ്റേതാണെന്നും ആശയം ഭാരതീയൻ്റേതാണെന്നും ആജീവനാന്തകാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിരിക്കുമെന്നും ഷെഹ്സാദ് പൂനവാല ബയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൂനവാല ബിജെപി വിട്ടതായി അദ്ദേഹമോ ബിജെപിയോ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഷെഹ്സാദ് പൂനവാല പാർട്ടിയിൽനിന്ന് രാജിവെച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.




