Uncategorized

‘നിരാശാജനകം, കേട്ടത് മരവിച്ച മനസ്സോടെ’; മുത്തങ്ങയില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസിലെ വിധിയില്‍ സഹോദരന്‍

കല്‍പ്പറ്റ: മുത്തങ്ങ സമരത്തിനിടെ കണ്ണൂര്‍ സ്വദേശിയായ പൊലീസുകാരന്‍ കെ വി വിനോദ് കൊല്ലപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് സഹോദരന്‍ കെ വി ബാബു. മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്നും വിധി വരാന്‍ 23 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് നിരാശാജനകമാണെന്നും കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

’23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഞങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കും. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ സാങ്കേതിക കാര്യം പറഞ്ഞ് നിഷേധിച്ചു. ഒടുക്കം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആശ്രിതനിയമനം നല്‍കിയിട്ടില്ല. അതും ലഭിച്ചിട്ടില്ല. ഞാനും സഹോദരിയും സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നാണ് പറഞ്ഞത്’, കെ വി ബാബു പറഞ്ഞു. കേസ് നടത്തിപ്പില്‍ തൃപ്തിയില്ലെന്നും നീതി കിട്ടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും കെ വി ബാബു പറഞ്ഞു.

വിനോദ് കൊലപാതകകേസിൽ രണ്ടാം പ്രതി മാത്രമാണ് കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ള 35 പേർ നിരപരാധികളെന്നും കോടതി വിധിച്ചു. രണ്ടാം പ്രതി അശോകനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ നേരത്തെ മരിച്ചു. അശോകന്‍ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. 23 മുതല്‍ 57 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.

മുത്തങ്ങയിലെ അബ്ദുള്‍ സലാം വധശ്രമക്കേസില്‍ നാല് പ്രതികളെയാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 1,3,5,11 പ്രതികളായ ഗീതാനന്ദന്‍, ബിനു, രമേശന്‍ കോയാലിപ്പുര, അനില്‍ കുമാര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ നല്‍കിയ മൂന്ന് കുറ്റപത്രങ്ങളിലാണ് ഇന്ന് വിധി പറഞ്ഞത്. സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പെട്ട 42 ആദിവാസി പ്രവര്‍ത്തകരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഡാലോചന, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക ചുമത്തിയ കുറ്റങ്ങളിലാണ് വിധി പറഞ്ഞത്. കെ വി വിനോദിനെ താല്‍ക്കാലിക ഷെഡ്ഡിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. പൊലീസ് എത്തി രക്ഷപെടുത്തിയെങ്കിലും ഗുരുതരമായ പരുക്കുകള്‍ കാരണം കെ വി വിനോദ് കൊല്ലപ്പെട്ടു. കെ വി വിനോദിനെ മര്‍ദ്ദിച്ചതിന് ദൃക്സാക്ഷികള്‍ ഇല്ലെന്നായിരുന്നു പ്രതിഭാഗം വാദം. മുത്തങ്ങ ഭൂസമരത്തിന്റെ ഭാഗമായി ആദിവാസികള്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലായിരുന്നു 2003 ജനുവരിയില്‍ മുത്തങ്ങയിലെ ആദിവാസി സമരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button