വടകര ലഹരിക്കേസ്: അധ്യാപിക നീഷ്മയ്ക്കെതിരെയും നടപടി; പിരിച്ചുവിട്ടു

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും നടപടി. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക നീഷ്മയെ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര സ്വദേശിനി നീഷ്മയെ അറസ്റ്റ് ചെയ്തത്.
വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതികളായ കീര്‍ത്തനയെയും കാവ്യയെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. ബിആര്‍സിക്ക് കീഴിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയിരുന്നു കാവ്യ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു കീര്‍ത്തന. ഇവര്‍ വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കായിരുന്നു. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറിയിരുന്നത്.
വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റും.
ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാര്‍ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ആവശ്യപ്പെട്ട് പണം നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരയാക്കപ്പെട്ടോ എന്നും പൊലീസ് അന്വേഷിക്കും. കേസില്‍ കൂടുതല്‍ അധ്യാപകര്‍ നിരീക്ഷണത്തിലാണ്.



