പ്രതി സ്ഥാനത്ത് പൊലീസുകാരൻ്റെ മകൻ ആയതിനാൽ നീതി നിഷേധം”; തില്ലങ്കേരിയിലെ കീർത്തനയുടെ മരണത്തിൽ കുടുംബം

കണ്ണൂർ:തില്ലങ്കേരിയിൽ 20കാരി ജീവനൊടുക്കിയതിൽ , മരണത്തിന് കാരണക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. പ്രതിസ്ഥാനത്ത് പൊലീസുകാരൻ്റെ മകൻ ആയതിനാലാണ് നീതി നിഷേധിക്കുന്നത് എന്നാണ് ആരോപണം. ജീവനൊടുക്കുമെന്ന് പെൺകുട്ടി പറഞ്ഞതുൾപ്പടെ പല കാര്യങ്ങളും യുവാവും കുടുംബവും മറച്ചുവെച്ചു എന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
തില്ലങ്കേരി സ്വദേശി കീർത്തന ജീവനൊടുക്കിയതിലാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പ്ലസ് വൺ കാലം മുതൽ കീർത്തനയുമായി അടുപ്പത്തിലായിരുന്ന മട്ടന്നൂർ സ്വദേശി ആദിദേവിനും കുടുംബത്തിനുമെതിരെയാണ് പരാതി.ഇരുവരുടെയും ബന്ധം വഷളാകുന്നതിനിടെ രണ്ടുതവണ കീർത്തന ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു, ആദിദേവ് ബന്ധം ഒഴിവാക്കിയതോടെയായിരുന്നു ആത്മഹത്യ ശ്രമമെന്ന് കുടുംബം പറയുന്നു. ഇക്കാര്യങ്ങളെല്ലാം കീർത്തന ആദിദേവിൻ്റെ പിതാവ് അനീഷിനെ അറിയിച്ചിരുന്നു. വിവരങ്ങളെല്ലാം അറിയാമായിരുന്നിട്ടും പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ അനീഷ് മറച്ചുവെച്ചെന്നും കീർത്തനയുടെ കുടുംബം ആരോപിച്ചു.
മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്സ് ചെയ്യുന്നതിനിടെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതിൻ്റെ ചിത്രങ്ങളും, മരിക്കാൻ പോകുകയാണെന്ന് പറയുന്ന നിരവധി ശബ്ദസന്ദേശങ്ങളും കീർത്തന ആദിദേവിൻ്റെ പിതാവിന് അയച്ചു നൽകിയിരുന്നു. ഇതുൾപ്പെടെ കുടുംബം പുറത്തുവിട്ടു.
ആദിദേവ് അവഗണിക്കുന്നു എന്നും മാനസിക വിഷമം താങ്ങാനാകുന്നില്ലെന്നും സന്ദേശങ്ങളിൽ കീർത്തന ആവർത്തിച്ച് പറയുന്നുണ്ട്. നിയമപാലകനായിട്ടും, ഈ വിവരങ്ങളൊന്നും അനീഷ് പുറത്തു പറഞ്ഞില്ല. ഏപ്രിൽ 19ന് മകൾ ആത്മഹത്യ ചെയ്തിട്ടും ജൂലൈ 13 ന് മാത്രമാണ് ആദിദേവിനെ പ്രതി ചേർത്തത് എന്നും അമ്മ ലീന പറഞ്ഞു. മകളുടെ ഒരു ബാഗ് ഇതുവരെയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ലീന ആരോപിച്ചു.
പൊലീസ് സംഘടനയിൽ സ്വാധീനമുള്ള ആളാണ് അനീഷെന്നും അന്വേഷണം കാര്യമായി മുന്നോട്ട് പോകുന്നില്ലെന്നും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് പരാതി നൽകുമെന്നും കീർത്തനയുടെ അച്ഛൻ ജെഷി കുമാർ.
അതേസമയം കീർത്തനയുടെ കുടുംബത്തിൻ്റെ ആരോപണം തള്ളിയ അനീഷ്, പ്രണയബന്ധമുണ്ടായിരുന്നെങ്കിലും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ലഹരിക്ക് അടിമയായിരുന്നെന്നും അനീഷ് ആരോപിച്ചു. സംഭവത്തിൽ ആദിദേവിൻറ അച്ഛനെ പ്രതി ചേർക്കേണ്ട കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നും പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാലാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് കേസന്വേഷിക്കുന്ന പേരാവൂർ ഡിവൈഎസ്പിയുടെ വിശദീകരണം.




