കുടുംബപ്രശ്നം പരിഹരിക്കാൻ പൂജ, കൊണ്ടുപോയത് ആലുവയിലെ ലോഡ്ജിലേക്ക്; യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചു

കൊച്ചി: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി കുമളി സ്വദേശി പ്രിൻസ് എബ്രഹാമിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകി പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങൾ പകർത്തി, യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചെന്നാണ് പരാതി.
2024 മാർച്ച് 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് പൂജയ്ക്കെന്ന പേരിൽ യുവതിയെ കൊണ്ടുപോയ ശേഷം ആലുവയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പകർത്തിയ പീഡന ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയയ്ക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് കുടുംബവും ജോലിയും നഷ്ടപ്പെട്ട യുവതി പിന്നീട് ആലുവ പൊലീസിൽ പരാതി നൽകി. ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.




