കൊട്ടിയൂർ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന നീണ്ടുനോക്കി പാലം പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാലങ്ങളിൽ ദീപവിതാനങ്ങൾ ഉൾപ്പെടെ ചെയ്ത് അലങ്കരിക്കാൻ സർക്കാരുമായി സഹകരിക്കാൻ സാധ്യതയുള്ളവരുമായി കൈകോർക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന തീർഥാടകർക്ക് നീണ്ടുനോക്കി പാലം ഏറെ ഉപകാരപ്രദമാകും. ടൂറിസത്തിന്റെ മികവുറ്റ സാധ്യതയുള്ള പ്രദേശം എന്ന നിലയിലും ഈ പാലം ഏറെ സൗകര്യപ്രദമാകും. പാലത്തിന്റെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരും കരാറുകാരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരൻ, സുനീന്ദ്രൻ കൂർപ്പിലേടത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പൊട്ടയിൽ, ഉഷ അശോക് കുമാർ, ജീജോ ജോസഫ്, പാലം കമ്മിറ്റി കൺവീനർ പി. തങ്കപ്പൻ, പി.സി. തോമസ്, കെ.എസ്. നിധിൻ, പി.സി. രാമകൃഷ്ണൻ, കൊട്ടിയൂർ ശശി, കെ.എ. ജോസ്, മാത്യു കൊച്ചുതറ, എം.കെ. ജോൺ, അരിപ്പയിൽ അഹമ്മദ് ഹാജി, താജുദ്ദീർ മട്ടന്നൂർ, അജയൻ പായം, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ കെ.എം. ഹരീഷ് ,അസിസ്റ്റന്റ് എൻജിനിയർ കെ.എം. ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
previous post