കാന്‍സറിന് ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നു; കര്‍ശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

കേരളത്തില്‍ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകള്‍ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ വാഹനങ്ങള്‍ മദ്യപിച്ച് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഒരിക്കല്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




