‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി നടിമാർ; ‘അമ്മ’യിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോൻ ശ്രമിച്ചെന്നും പരാതി

കൊച്ചി: ‘അമ്മ’ പ്രസിഡൻ്റ് ശ്വേത മേനോനെതിരെ വാർത്താസമ്മേളനത്തിൽ കടുത്ത ആരോപണങ്ങളുമായി നടിമാർ. ‘അമ്മ’യിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോൻ ശ്രമിച്ചെന്നും പരാതി പറഞ്ഞ അൻസിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും ഇവർ ആരോപിച്ചു. മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നീ നടിമാരാണ് വാർത്താസമ്മേളനം നടത്തിയത്.
‘അമ്മ’യിൽ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് മാലാ പാർവതി പറഞ്ഞു. വർഗീയ ധ്രുവീകരണം നടത്താൻ ശ്വേത ശ്രമിച്ചു എന്നത് ആരോപണം അല്ല അനുഭവമാണെന്ന് പറഞ്ഞ ഇവർ ബിജെപി മുൻ കൗൺസിലർ പത്മജയുടെ അഭിമുഖം എടുത്ത് കാണിച്ചു. അൻസിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചത്. ബാബുരാജ് ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഇറങ്ങി ഓടിയത് എന്തിനാണ്? അപെക്സ് ബോഡിക്ക് തീരുമാനം എടുക്കാം എന്നാണ് ‘അമ്മ’യുടെ നിയമം. അങ്ങനെ ജനറൽ ബോഡി തീരുമാനിച്ച കൺവീനറെ ആണ് ഇന്നലെ നാണംകെടുത്തി പടിയിറക്കിയതെന്നും മാലാ പാർവതി വിമർശിച്ചു.എന്തോ ഒരു അജണ്ട നടപ്പിലാക്കാനാണ് ശ്വേതയുടെ തിരിച്ചുവരവ് എന്ന് സംശയിക്കുന്നു. ബിജെപി അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്മിപ്രിയ കൂട്ടുകെട്ട് അതിന് ഉദാഹരണമാണ്. അൻസിബയ്ക്ക് പിന്നിൽ മതതീവ്രവാദികൾ ഉണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എങ്കിൽ തെളിവ് പുറത്തുവിടാത്തത് എന്തുകൊണ്ടെന്നും മാലാ പാർവതി ചോദിച്ചു. അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കള്ളക്കഥ സിനിമയാക്കിയാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും. അതിനെയാണ് എതിർത്തതെന്നും മാലാ പാർവതി പറഞ്ഞു.
ആരോപണ വിധേയരെ സഹായിക്കുകയാണോ കേരള പൊലീസ് ചെയ്യുന്നതെന്ന് അൻസിബ ഹസൻ ചോദിച്ചു. പരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിക്കുകയാണോ പൊലീസ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി പറഞ്ഞാൽ പോലും കേൾക്കാത്ത പൊലീസ് ആണോ കേരളത്തിലുള്ളത്. നീതി കിട്ടാൻ കോടതിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. കമ്മീഷണർ സംസാരിക്കുന്ന വീഡിയോ കണ്ടു. ഇത് അമ്മ സംഘടനക്കുള്ളിൽ തീരേണ്ട പ്രശ്നമാണെന്ന് കമ്മീഷണർ പറഞ്ഞു. ജിഹാദി എന്ന് വിളിച്ചത് എങ്ങനെയാണ് തമാശയായി പൊലീസിന് കാണാൻ കഴിയുന്നത്. അത് വേദനയുണ്ടാക്കി. കോടതി വിധിയില്ലാതെ ശ്വേതാ മേനോൻ അമ്മ ഓഫീസിൽ വന്നാൽ തടയുമെന്നും അൻസിബ പറഞ്ഞു.ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ ശ്വേത മേനോൻ വാങ്ങി എന്നാണ് ബാബുരാജ് ഉന്നയിച്ച ആരോപണമെന്ന് മാലാ പാർവതി വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിന് ബിജെപിക്ക് സ്ഥാനാർഥികളെ നൽകാം എന്ന് പറഞ്ഞ് പണം വാങ്ങി. അദാനിയുടെ 15 കോടി ‘അമ്മ’ക്ക് കിട്ടാനിരിക്കുകയായിരുന്നു എന്ന് ബിജെപി നേതാവ് പത്മജ എസ്. മേനോൻ പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് ആ നേതാവ് പറഞ്ഞത്. കോർപ്പറേറ്റുകളുടെ 15 കോടി അമ്മയ്ക്ക് വേണ്ട. അമ്മയിൽ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്നും മാലാ പാർവതി ചോദിച്ചു.
കഴിഞ്ഞ ഭരണസമിതിയിൽ നിന്ന് വ്യക്തിഹത്യ നേരിടേണ്ടി വന്നവരാണ് ഇപ്പോൾ വാർത്താസമ്മേളനത്തിലുള്ളതെന്ന് ഉഷ ഹസീന പറഞ്ഞു. സ്ത്രീകൾ വിജയിച്ചത് കുറുക്കുവഴികളിലൂടെയാണ്. ഭരണസമിതിയിൽ അധികാര മോഹമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അമ്മയിൽ പരാതി കൊടുത്ത സ്ത്രീയെ നേതൃത്വം പരിഹസിക്കുകയായിരുന്നു. അൻസിബയെ കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് അനൂപ് ചന്ദ്രൻ മോശമായ വീഡിയോ ഇറക്കി. അങ്ങനെ തന്നെ വേണം, തനിക്ക് സന്തോഷമായി എന്നാണ് ശ്വേത പറഞ്ഞത് -ഉഷ ഹസീന പറഞ്ഞു.




