Uncategorized

ഒളിവിലെന്ന് പൊലീസ്; സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയാണ് വീഡിയോ. താന്‍ ഉള്‍പ്പെടെ പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയില്‍ നിന്നും പരാതിക്കാരന്‍ ഒരുവര്‍ഷം മുമ്പ് വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് ഖാദര്‍ വീഡിയോയില്‍ ആരോപിക്കുന്നു. വാട്‌സആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ ഖാദര്‍ പങ്കുവെച്ചിട്ടുണ്ട്.

പണം വാങ്ങിയെങ്കില്‍ തിരിച്ചുകൊടുക്കാനുള്ള മര്യാദ കാണിക്കണമെന്നും പണം ചോദിച്ച തന്റെ കര്‍ണാടകക്കാരനായ ബിസിനസ് പങ്കാളിയെ പരാതിക്കാരന്‍ നിസ്സാരവല്‍ക്കരിച്ച് സംസാരിച്ചെന്നും ഖാദര്‍ പറയുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കര സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഖാദര്‍ കരിപ്പൊടിക്കെതിരായ കേസ്.

കഴിഞ്ഞദിവസമായിരുന്നു ഖാദര്‍ കരിപ്പൊടി അടക്കം മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹമ്മദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. റാഷിദ്, അഷ്‌റഫ് എന്നിവരാണ് മറ്റുരണ്ട് പ്രതികള്‍.ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അടിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഇരുമ്പു വടി ഉപയോഗിച്ചു മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ അഹദ് കാസര്‍കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button