Uncategorized

‘കുടില്‍ കെട്ടി ഇരിക്കുന്നതല്ലാതെ എന്ത് ചെയ്തു’; കരിമണല്‍ ഖനനവിരുദ്ധ സമിതിക്കെതിരെ ജി സുധാകരന്‍

ആലപ്പുഴ: കരിമണല്‍ വിരുദ്ധ സമര സമിതിക്കെതിരെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. ഖനനവിരുദ്ധ ഏകോപന സമിതി എന്ത് ചെയ്‌തെന്ന് ജി സുധാകരന്‍ ചോദിച്ചു. കുടില്‍ കെട്ടി ഇരിക്കുന്നതല്ലാതെ വേറെ എന്ത് സമരം ചെയ്‌തെന്ന് ജി സുധാകരന്‍ ചോദിച്ചു. കരിമണല്‍ വാരിക്കൊണ്ട് പോകുന്നത് അവര്‍ കാണുന്നില്ലേയെന്ന് ജി സുധാകരന്‍ ചോദിച്ചു.

‘അവരുടെ മുന്നില്‍ കൂടി കൊണ്ടുപോയിട്ട് എന്താണ് തടയാത്തത്? കരിമണല്‍ വിഷയം രണ്ടുതവണ സഭയില്‍ ഞാന്‍ ഉന്നയിച്ചു. കരിമണല്‍ വിരുദ്ധ സമരസമിതി അത് കണ്ടില്ലേ. ഞാന്‍ സഭയില്‍ പ്രത്യേക സബ്മിഷന്‍ പോലും ഉന്നയിച്ചു’, ജി സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശന്‍ കരിമണല്‍ ഖനനത്തിനെതിരാണെന്നും ജി സുധാകരന്‍ പറഞ്ഞു. താന്‍ സബ്മിഷന്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കൈയ്യടിച്ച് അഭിനന്ദിച്ചു. കരിമണല്‍ഖനത്തിന് പിന്നില്‍ നടക്കുന്നത് വലിയ അഴിമതിയും കൊള്ളയുമാണ്. സര്‍വ്വത്ര കൊള്ളയാണ് നടക്കുന്നതെന്നും കെഎംഎംഎല്ലിനും ഐആര്‍ഇഎല്ലിനും അതില്‍ പങ്കുണ്ടെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ധാതു മണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ തോട്ടപ്പള്ളിയില്‍ വീണ്ടും സമരം നടത്തുമെന്നും തെറ്റായ വഴിക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും സമരസമിതി ചെയര്‍മാന്‍ എസ് സുരേഷ് കുമാര്‍ വ്യക്തമാക്കി. ജൂലൈ 5ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് തോട്ടപ്പള്ളിയില്‍ വിപുലമായ യോഗം ചേരാണ് സമരസമിതി തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button