Uncategorized

ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുനല്‍കാതെ കോഴിക്കോട് മെഡി. കോളേജ്; പരാതിയുമായി ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്ന് പരാതി. തമിഴ്‌നാട് ചിദംബരം സ്വദേശി നടേശന്റെ മൃതദേഹമാണ് വിട്ടുനല്‍കാത്തത്. മൃതദേഹം വിട്ടുനല്‍കാന്‍ പൊലീസ് അനുമതി നല്‍കിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മെഡി. കോളേജില്‍ ചികിത്സയിലിക്കേ 72കാരനായ നടേശന്‍ മരണപ്പെട്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആശുപത്രിയിലെത്തിയെങ്കിലും പൊലീസിന്റെ അനുമതി വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ അധികാരപരിധിയെ കുറിച്ചുള്ള തര്‍ക്കമാണ് നിലവില്‍ നടേശന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നത്. നടേശന്‍ കോട്ടയ്ക്കലിലാണ് ദീര്‍ഘകാലമായി താമസിച്ചുവന്നത്.മരിക്കുന്നതിന് മുമ്പ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടേശൻ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ അനുമതി എവിടെ നിന്നും ലഭിക്കുമെന്നതില്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. കോട്ടയ്ക്കല്‍ പൊലീസ് തിരൂരങ്ങാടി പൊലീസാണ് അനുമതി നല്‍കണ്ടതെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസിനെ സമീപിച്ചു. അപ്പോള്‍ കോട്ടയ്ക്കല്‍ പൊലീസാണ് അനുമതി നല്‍കേണ്ടത് എന്ന മറുപടിയാണ് ലഭിച്ചതെന്ന് നടേശന്റെ ബന്ധുവും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറും പറയുന്നു.മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയിലെത്തുന്നത്. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ കെ കെ നാസർ അറിയിച്ചു. കോട്ടയ്ക്കല്‍ പൊലീസുമായി ഉടന്‍ ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കെ കെ നാസർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button