കൊട്ടാരക്കര വാഹനാപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

തിരുവനന്തപുരം: കൊട്ടാരക്കര വാഹനാപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ മനഃപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. എഫ്ഐആറിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. കൂടുതൽ വകുപ്പുകൾ തുടർ പരിശോധനയ്ക്ക് ശേഷം ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമായിരിക്കും മേൽ നടപടികൾ സ്വീകരിക്കുക.അതേസമയം അപകടത്തിൽപ്പെട്ട വാഹനം ഓടിച്ച ലോറി ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ ശേഷം ലോറി ഓടിക്കുന്നത് ഇന്ന് ആദ്യമായാണ്. ടിപ്പറിന് മണ്ണ് എടുക്കാനുള്ള പാസുമില്ല. സ്‌പീഡ് ഗവർണറും ജിപിഎസും വാഹനത്തിലില്ല. സ്‌കൂൾ സമയങ്ങളിലെ ടിപ്പർ ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.ഇന്ന് രാവിലെയാണ് ഇന്ന് രാവിലെയാണ് കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചത്. സ്വകാര്യ കോളേജ് അധ്യാപകൻ ഹരിലാൽ (54), കാർമൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, അജയകുമാർ (50) എന്നിവരായിരുന്നു മരിച്ചത്. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ടിപ്പർ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.




