Uncategorized

അന്‍സിബ ഹസന്‍റെ പരാതി; ആരോപണ വിധേയനായ ടിനി ടോമിന്‍റെ മൊഴിയെടുത്തു

നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ ആരോപണ വിധേയനായ നടൻ ടിനി ടോമിന്‍റെ മൊഴിയെടുത്തു. പ്രാഥമികാന്വേഷണം നടത്തുന്ന കടവന്ത്ര പൊലീസാണ് നടന്റെ മൊഴിയെടുത്തത്. മതപരമായി അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണം ടിനി ടോം നിഷേധിച്ചുവെന്നാണ് വിവരം. അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. അന്‍സിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ആരോപണവിധേയനായ ടിനി ടോമിന്‍റെ മൊഴിയെടുത്തത്. മതപരമായി അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണം നിഷേധിച്ച ടിനി ടോം തനിക്കെതിരായ പരാതിക്കുപിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

ഇതിനിടെ പൊലീസ് അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെയും മൊഴിയടുത്തു. ടിനി മതപരമായി ആക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേത മൊഴി നല്‍കിയതെന്നാണ് സൂചന. നേരത്തെ നടി നീനാ കുറിപ്പിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്‍സിബയ്ക്ക് അനുകൂലമായ മൊഴിയാണ് നീന നല്‍കിയത്.
ലഭ്യമായ മൊഴികളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പോലീസ് തുടര്‍നടപടിയിലേക്ക് കടക്കുക. താരസംഘടനയായ അമ്മയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ ടിനിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്.

തുടർച്ചയായി തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയ ടിനി ടോമിനെതിരെ സംഘടനാതലത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. ടിനി സാമൂഹ്യ വിപത്താണെന്നും തന്നോട് മാത്രമല്ല കേരളസമൂഹത്തോടും ടിനി വലിയ ദ്രോഹമാണ് ചെയ്തതെന്നും അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്‍ഫോപാര്‍ക്ക് പൊലീസിനാണ് അന്‍സിബ ഇ മെയിലായി പരാതി നല്‍കിയതെങ്കിലും പിന്നീട് കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button