Uncategorized

വീണ്ടും കാട്ടാനക്കലി: പാലക്കാട് രണ്ടിടത്ത് കാട്ടാന ആക്രമണം, 3 പേര്‍ക്ക് പരിക്ക്‌

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് ആദിവാസി യുവാവായ 30കാരന്‍ വെള്ളിങ്കിരിക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചത്.

അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോയില്‍ വരികയായിരുന്ന രണ്ടുപേരെ ഓട്ടോ മറിച്ചിട്ടാണ് കാട്ടാന ആക്രമിച്ചത്. യാത്രിക മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടിയിലെ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മേപ്പാടി പഞ്ചായത്തിലെ പുത്തുമല സ്വദേശിനിയായ ജെസി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി രാജു കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ തുരത്തുന്നതിനിടെയാണ് രാജു ആനയുടെ മുന്നില്‍പ്പെട്ടതും ആക്രമണത്തിന് ഇരയായതും. മണിക്കൂറുകള്‍ക്ക് ശേഷം ആനയെ വനവകുപ്പും നാട്ടുകാരും ചേര്‍ന്ന് കാടുകയറ്റി. പരിക്കേറ്റ രാജു പിന്നീട് മരണത്തിന് കീഴടങ്ങി.
കാട്ടാന ആക്രമണങ്ങളില്‍ ഇതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജനങ്ങള്‍ പ്രതികരിച്ചു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button