Uncategorized

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമില്ല; നാട്ടിലെത്തിയത് കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍’; സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്‍മാന്‍

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമില്ലെന്ന് കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്‍മാന്‍. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ നാട്ടിലെത്തിയതെന്നും എല്ലാം പൊലീസിനോട് പറഞ്ഞുമെന്നും മുഹമ്മദ് സല്‍മാന്‍ പറഞ്ഞു.സ്വര്‍ണം പൊട്ടിക്കല്‍ സംഘം തന്നിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് സല്‍മാന്‍ പറഞ്ഞു. തനിക്ക് സ്വര്‍ണകടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ല. സംഘത്തിന് ആളുമാറിയതായിരിക്കും – അദ്ദേഹം പറഞ്ഞു. സല്‍മാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കലിന് എത്തിയ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിമാനതാവളത്തിന് പുറത്ത് കാറില്‍ ഇരിക്കുകയായിരുന്ന ഇവര്‍ കൂടെയുള്ളവര്‍ പിടിയിലായെന്ന് സൂചന ലഭിച്ചതോടെ രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെ സജീവ സിപിഐഎം പ്രവര്‍ത്തകന്‍ ശരത്ത് അടക്കം 13 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ഒരിടവേളക്ക് ശേഷം കരിപ്പൂരില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ സജീവമാകുമ്പോള്‍ തുടക്കത്തിലേ ഇതിനെ വേരോടെ പിഴുതെടുക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സല്‍മാനില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.

വിദേശത്തുള്ള അലി അക്ബര്‍, അന്‍സാര്‍ എന്നിവരാണ് സംഘത്തെ ദൗത്യം ഏല്‍പ്പിച്ചിരുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട സംഘത്തെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button