Uncategorized

*ഒളവണ്ണ സാഹിത്യോത്സവ് സമാപിച്ചു; നാഗത്തുംപാടം യൂണിറ്റ് ജേതാക്കൾ*

*ഒളവണ്ണ* : എസ്.എസ്.എഫ് ഒളവണ്ണ സെക്ടറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 33-ാമത് ഒളവണ്ണ സെക്ടർ “സാഹിത്യോത്സവ്” വിവിധ സാഹിത്യ-സാംസ്‌കാരിക പരിപാടികളോടെയും ആവേശകരമായ മത്സരങ്ങളോടെയും സമാപിച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നാഗത്തുംപാടം യൂണിറ്റ് ജേതാക്കളായി. ഒളവണ്ണ യൂണിറ്റ് രണ്ടാം സ്ഥാനവും, കൊടിനാടുമുക്ക് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റാഷിദ് ഫസൽ നഈമി സ്വാഗതം ആശംസിച്ചു. ഇസ്മായിൽ സഖാഫി ഉസ്താദ് അധ്യക്ഷത വഹിച്ച ചടങ്ങ് എം.എൽ.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാഹിത്യവും സാമൂഹിക ബോധവൽക്കരണവും തമ്മിലുള്ള ബന്ധം ഇന്നത്തെ തലമുറ തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എസ്.എസ്.എഫ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഹഫീസ് അഹ്സനി ഒറ്റപ്പാലം മുഖ്യ പ്രമേയാവതരണം നടത്തി. യുവജനങ്ങളുടെ ചിന്താവികസനത്തിലും സമൂഹ നിർമ്മിതിയിലും സാഹിത്യത്തിന്റെ പങ്ക് ഏറെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവി വത്സലൻ കല്ലായി അനുമോദന പ്രഭാഷണം നിർവഹിച്ചു. സഊദ് പലായി, സലാഹുദ്ദീൻ സഖാഫി എന്നിവർ ആശംസകൾ നേർന്നു.

സാംസ്കാരിക തനിമ വിളിച്ചോതിയ സമാപന സംഗമത്തിൽ ഉസ്താദ് ഇസ്മാഈൽ സഖാഫി, റാഫി സഖാഫി, അൽഫാസ്, അബ്ദുറഹ്മാൻ, ഉമ്മർകോയ, ജുറൈജ് സഖാഫി, അജ്മൽ സഖാഫി, അവറാൻ കോയ, നൗജാഷ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
അടുത്ത വർഷത്തെ (34-ാമത്) സെക്ടർ സാഹിത്യോത്സവിന് കോടിയാട്ടുമ്മുക്ക് യൂണിറ്റ് വേദിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാഹിത്യോത്സവ് വൻ വിജയമാക്കാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവൻ പൊതുജനങ്ങൾക്കും, മത്സരങ്ങളിൽ മാറ്റുരച്ച വിദ്യാർത്ഥികൾക്കും എസ്.എസ്.എഫ് ഒളവണ്ണ സെക്ടർ ഫിനാൻസ് സെക്രട്ടറി റാഫി കള്ളിക്കുന്ന് നന്ദി രേഖപ്പെടുത്തി. വലിയ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button