Uncategorized

‘K K രാഗേഷ് അമുൽ ബേബി, കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം’; CPIM ഏരിയാ കമ്മിറ്റി യോഗങ്ങളിൽ രൂക്ഷ വിമർശനം

കാസര്‍കോട്: സിപിഐഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ അതിരൂക്ഷ വിമര്‍ശനം. നിലവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നാണ് വിമര്‍ശനം. പയ്യന്നൂരിലെ സംഘടന വിഷയം തൃക്കരിപ്പൂരിലെ തോല്‍വിക്ക് പ്രധാന കാരണമായെന്നാണ് ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തല്‍.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂല്‍ ബേബിയാണെന്നാണ് യോഗത്തിലെ പരാമര്‍ശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ഉയര്‍ന്നു. പി ജയരാജന്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുണ്ടായത്.

കോഴിക്കോട് ജില്ലയിലെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ‘ഡാഷ് മോനെ രേവന്ത’ പ്രയോഗം തിരിച്ചടിയായെന്ന വിമര്‍ശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശൈലി ഒഴിവാക്കണമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ അടുത്ത തവണയും പാര്‍ട്ടി തിരിച്ചു വരില്ലെന്ന വിമര്‍ശനവുമുണ്ടായി.എം വി ഗോവിന്ദനെതിരെയും കടുത്ത വിമര്‍ശനമുണ്ടായി. തളിപ്പറമ്പില്‍ പി കെ ശ്യാമളയെ മത്സരിപ്പിച്ചതിലാണ് എം വി ഗോവിന്ദനെതിരെ വിമര്‍ശനമുണ്ടായത്. പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനെ മത്സരിപ്പിക്കേണ്ടതില്ലായിരുന്നു എന്നും കെ കെ ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയിരുന്നെങ്കില്‍ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.

അതേസമയം കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് സിപിഐഎം. ലോക്കല്‍ കമ്മിറ്റികള്‍ക്കാണ് 34 ചോദ്യങ്ങളുള്‍പ്പെട്ട ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഓരോ ലോക്കല്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് തയ്യാറാക്കി ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ഏരിയാ സെന്ററുകളില്‍ എത്തിക്കാനാണ് നിര്‍ദേശം. പരാജയ കാരണം അണികളില്‍ നിന്ന് കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലിയില്‍ പക്ഷെ നേതൃത്വത്തിനുണ്ടായ വീഴ്ച്ചയെക്കുറിച്ചോ ഭരണതലത്തിലുണ്ടായ വീഴ്ച്ചകളെക്കുറിച്ചോ ചോദ്യങ്ങളില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button