Uncategorized

ഇന്ദിര ഗ്യാരൻ്റി നടപ്പാക്കുന്നതിൽ ആശങ്ക; പദ്ധതികൾ നടപ്പാക്കിയാൽ ഖജനാവിന് നഷ്ടം 10,000 കോടിയിലധികം രൂപ

തിരുവനന്തപുരം: കോൺ​ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികൾ സംസ്ഥാനത്തിന് വരുത്തി വയ്ക്കുക വൻ സാമ്പത്തിക ബാധ്യത. പദ്ധതികൾ നടപ്പാക്കാൻ ഈ വ‍ർഷം അധികമായി 10,000 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത് . കേന്ദ്ര വിഹിതത്തിൽ കൂടി കുറവ് വരുന്നതോടെ ​ഗ്യാരൻ്റികൾ എങ്ങനെ നടപ്പാക്കുമെന്നാണ് ആശങ്കയിലാണ് നേതൃത്വം.

വൻ പ്രഖ്യാപനങ്ങൾ നടത്തി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന് വെല്ലുവിളിയാകുകയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി. അഞ്ചിന ​ഗ്യാരണ്ടി കൂടി നടപ്പാക്കുമ്പോൾ വരാനിരിക്കുന്നത് വൻ ബാധ്യതയാണെന്നാണ് റിപ്പോർട്ട്. ഗ്യാരണ്ടികൾക്കായുള്ള അധിക തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ധനവകുപ്പ് .

കെഎസ്ആ‍ർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, 3000 രൂപ ക്ഷേമ പെൻഷൻ, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവയാണ് അഞ്ച് ​ഗ്യാരണ്ടികളായി പ്രഖ്യാപിച്ചത്. കോൺ​ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിൽ വിജയകരമായി പദ്ധതികൾ നടപ്പാക്കിയെന്നാണ് നേതൃത്വം അവകാശപ്പെട്ടത്.

എന്നാൽ നിലവിൽ പ്രഖ്യാപിച്ച അഞ്ച് പദ്ധതികൾക്കായി വർഷം 10,000 കോടിയിൽ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ . കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കായി 1500 കോടി, സൗജന്യ ഇൻഷുറൻസ് പദ്ധതിക്കായി 4000 കോടി, കൂടാതെ മറ്റ് ഗ്യാരണ്ടികളുടെ തുക കൂടി കണക്കാക്കുമ്പോൾ 10,000 കോടിക്കടുത്തെത്തും. ക്ഷേമ പെൻഷൻ എത്രയാണ് വർധിപ്പിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല

ഘട്ടംഘട്ടമായി 3000 ആക്കി ഉയർത്തുമെന്നാണ് സൂചന. 3000 ആക്കി ഉയർത്തിയാൽ വർഷം 7,440 കോടി അധികം കണ്ടെത്തണം. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗ്യാരണ്ടികൾ നടപ്പാക്കാൻ ഇത്രയും തുക എവിടെ നിന്ന് കണ്ടെത്തുമെന്നുള്ളതാണ് പ്രതിസന്ധി. കർണാടകയിൽ ഗ്യാരണ്ടികൾ നടപ്പാക്കാൻ പ്രതിവർഷം 50,000 മുതൽ 60,000 വരെ കോടിയാണ് ചെലവാക്കുന്നത്.

സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതും തിരിച്ചടിയാണ്. ഈ വർഷം ഡിസംബർ വരെ കേരളത്തിന് പൊതു വിപണിയിൽ നിന്നും കടമെടുക്കാവുന്ന തുകയിൽ 6,000 കോടിയുടെ കുറവാണുണ്ടായത്. സംസ്ഥാനങ്ങൾക്ക് ഗ്രാൻ്റുകൾ അനുവദിക്കേണ്ടതില്ലെന്ന ധനകാര്യ കമ്മീഷൻ്റെ ശുപാർശയും തിരിച്ചടിയാണ്. ഇതോടെ അഞ്ചിന ​ഗ്യാരണ്ടികൾക്കായുള്ള തുക കണ്ടെത്തുന്നത് കൂടുതൽ ദുഷ്കരമാകും.

എന്നാൽ പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വരുത്തിയ വർധന മൂലം ഓരോ വർഷവും 10,000 ത്തിലധികം കോടി രൂപയാണ് ഖജനാവിൽ അധികമായി എത്തുക. ഇത് ലഭിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button