Uncategorized

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: ‘സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു’; ആർ ചന്ദ്രശേഖരൻ

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ പ്രോസിക്യൂഷന് അനുമതി നൽകിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ഐഎൻടിയുസി അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. മൂന്ന് പേർ പ്രതികളായ കേസിൽ തനിക്കെതിരെ മാത്രമാണ് വാർത്ത വരുന്നത്. അനുമതി നൽകിയ കാര്യം താൻ അറിയുന്നത് വാർത്തയിലൂടെയെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

താൻ ചെയർമാനായി ചുമതലയേറ്റെടുത്തത് 2012ലാണ്. ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് ചെയർമാൻ ഉത്തരവാദിയാകില്ല. തീരുമാനങ്ങളിൽ പൂർണാധികാരം ഡയറക്ടർ ബോർഡിനാണെന്ന് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഇപ്പോഴാണ് നടപടികൾ ശരിയായ രീതിയിൽ എത്തിയത്. താൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി നൽകരുതെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സർക്കാരാണെന്ന് അദേഹം പറഞ്ഞു.

2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിലയിരുത്തൽ. 2015 ലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. 2020 ൽ കുറ്റപത്രം നൽകി.

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ല എന്നായിരുന്നു കഴിഞ്ഞ സർക്കാർ മൂന്ന് തവണ ഹൈക്കോടതിയെ അറിയിച്ചത്. ഒടുവിൽ നിയമോപദേശതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള പുതിയ സർക്കാരിന്റെ അനുമതി. ആർ ചന്ദ്രശേഖരൻ, കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ കാര്യം സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അനുമതി ലഭിച്ചതോടെ പ്രിതകൾക്കെതിരെ അഴിമതി നിരോധന നിയമം കൂടി ചേർത്ത് CBI കുറ്റപത്രം പുതുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button