വാഹനാപകടം; പ്രശസ്ത നിർമാതാവ് ആർ ബി ചൗധരി അന്തരിച്ചു

പ്രശസ്ത സിനിമാ നിർമാതാവ് ആർ .ബി. ചൗധരി വിടവാങ്ങി. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിലാണ് മരണം. നടൻ ജീവയുടെ പിതാവ് കൂടിയാണ് ആർ. ബി. ചൗധരി.
സൂപ്പർ ഗുഡ് ഫിലിംസിന്റെ സ്ഥാപകനായിരുന്ന ചൗധരി നിരവധി താരങ്ങളുടെ കരിയറുകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തുടനീളം അദ്ദേഹത്തിന്റെ മരണം ഞെട്ടലുണ്ടാക്കി. രജനീകാന്ത്, പവൻ കല്യാൺ, ചിരഞ്ജീവി തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ രേഖപ്പെടുത്തി.
അതേസമയം അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ആർ. ബി. ചൗധരിയ്ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചേരൻ പാണ്ഡ്യൻ, നാട്ടമൈ, പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മാനവും തുള്ളും, ആനന്ദം, ജില്ല, ഗോഡ്ഫാദർ എന്നിവയുൾപ്പെടെ നിരവധി ലാൻഡ്മാർക്ക് സിനിമകൾ ആർ ബി ചൗധരിയുടെ ഫിലിമോഗ്രാഫിയിൽ ഉണ്ട്. വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മാരീശനായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സിനിമ.
1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന ആർ.ബി ചൗധരി തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകൾ നിർമിച്ചിട്ടുണ്ട്. മലയാള ചിത്രം കീർത്തി ചക്ര അദ്ദേഹമാണ് നിർമിച്ചത്. ഈ സിനിമയിൽ മോഹൻലാലിനൊപ്പം ജീവയും വേഷമിട്ടിരുന്നു.
1990ൽ പുറത്തിറങ്ങിയ ‘പുതു വസന്തം’ ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. കെ എസ് രവികുമാർ സംവിധാനം ചെയ്ത ‘പുരിയാദ പുതിർ’ (1990) എന്ന ചിത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.




