Uncategorized

സമരക്കാരെ അന്യായമായി തടവിൽ വെച്ചു; കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല:കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകള്‍ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിതിന്‍ രാജിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാന്‍ പാടില്ല. ഈ സമരത്തില്‍ ബസ്സുകള്‍ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകള്‍ ആക്രമിച്ചിട്ടില്ല. തുറന്ന കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകള്‍ ആക്രമിച്ചിട്ടില്ല. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തിയിട്ടില്ല.
ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രി പോകേണ്ടവര്‍, അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്കൊക്കെ പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാമായിരുന്നുവെന്നും പോകേണ്ട സ്ഥലങ്ങളിലേക്ക് പൊലീസ് വാഹനത്തില്‍ ഇവരെ എത്തിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പൊലീസ് സമരക്കാരെ അന്യായമായി തടവില്‍ വയ്ക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. കേസെടുക്കാന്‍ മാത്രമുള്ള ആക്രമണങ്ങള്‍ ഇന്നലെ നടന്ന ഹര്‍ത്താലില്‍ നടന്നിട്ടില്ല.
ഹര്‍ത്താലിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇന്നലെ പൊലീസ് നടത്തിയത്. ഹര്‍ത്താലില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ഇനിയും തുടരും. നിതിന്‍ രാജിന്റെ മരണം പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ല.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങള്‍ തുടരുകയാണ്. നിരവധി പരാതികള്‍ നിലവിലുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ഉന്നതതല അന്വേഷണം വേണം. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. വിഷയം പഠിക്കണം. കര്‍ണാടകയിലെ രോഹിത് വെമുല ആക്റ്റിന് സമാനമായ ആക്ട് നടപ്പാക്കണം. ഗ്രാന്റുകളുടെ ലഭ്യതക്കുറവ്, വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇവയെല്ലാം പരിശോധിക്കണം. ഇത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഹിത് വെമുല ആക്ടിന് സമാനമായ ഒരു നിയമം കേരളത്തിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button