Uncategorized

മാലേഗാവ് സ്ഫോടനക്കേസ്: നാല് പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി

മുംബൈ: 2006ൽ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നിവരെയാണ് വെറുതെ വിട്ടത്.
ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്. 2019 ജൂൺ മുതൽ ഇവർ ജാമ്യത്തിലായിരുന്നു. കേസിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് വീഴ്‌ച സംഭവിച്ചു എന്ന് നിരീക്ഷിച്ചാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. വിധിയുടെ പൂർണരൂപം വൈകാതെ പുറത്തുവരും.
2006 സെപ്റ്റംബർ 8ന് വെള്ളിയാഴ്ച നമസ്കാരത്തിന് തൊട്ടുപിന്നാലെ മാലേഗാവിലെ ഹമീദിയ മസ്‌ജിദിന് സമീപമാണ് സ്ഫോടനം നടന്നത്. ഈ സംഭവത്തിൽ 37 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തിന് ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന കേസ് അന്വേഷിക്കുകയും ഒമ്പത് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഏകദേശം അഞ്ച് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇവർക്ക് 2011ലാണ് ജാമ്യം ലഭിച്ചത്. പിന്നീട്, ഇവർക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് 2016ൽ പ്രത്യേക കോടതി ഈ ഒമ്പത് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടിരുന്നു.
മറ്റ് പല സ്ഫോടനക്കേസുകളിലും പ്രതിയായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മാലേഗാവ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. പള്ളിക്ക് സമീപം സ്ഫോടകവസ്‌തുക്കൾ സ്ഥാപിച്ചത് തീവ്ര വലതുപക്ഷ സംഘടനകളാണെന്ന അദ്ദേഹത്തിന്റെറെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നീ നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തത്.
എന്നാൽ, ഇവരെ പ്രതിപ്പട്ടികയിൽ നിലനിർത്താൻ പര്യാപ്‌തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ അന്വേഷണ സംഘത്തിന് വലിയ വീഴ്ച്‌ചകൾ സംഭവിച്ചുവെന്ന് കോടതി പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രഥമദൃഷ്ട്യാ തന്നെ പ്രതികൾക്കെതിരെ തെളിവില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇപ്പോൾ കുറ്റങ്ങൾ റദ്ദാക്കി പ്രതികളെ പൂർണമായും വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button