കുഴിമിന്നലും അമിട്ടും തുടരെത്തുടരെ പൊട്ടി; നാടിനെയാകെ പിടിച്ചുക്കുലുക്കിയ ദുരന്തം, ഭയപ്പാട് മാറാതെ പ്രദേശവാസികൾ

തൃശൂർ വെടിക്കെട്ട് ഒരുക്കുന്നസതീശൻ 13 വർഷമായി ഈ ജോലി ചെയ്യുകയാണെന്നും ഇനി നിർത്തുകയാണെന്നാണ് പറഞ്ഞതെന്നും പൊട്ടിക്കരഞ്ഞുക്കൊണ്ട് സുഹൃത്ത്. സതീശനെ രക്ഷിച്ചോ എന്ന് പോലും അറിയില്ലെന്ന് പറയുമ്പോൾ സങ്കടം അടക്കാനാവാതെ അയാൾ നിലവിളിച്ച് കരഞ്ഞു. രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 12 താൽക്കാലിക വെടിക്കെട്ട് പുരകളിലുണ്ടായ സ്ഫോടനം ഒരു നാടിനെയാണ് പിടിച്ചുക്കുലുക്കിയത്. സ്ഫോടന ശബ്ദ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി.
സമീപത്തുള്ള കൃഷിസ്ഥലത്ത് വന്നതാണ്. വാഹനത്തിലാണ് വന്നത്. സ്ഫോടനമുണ്ടായതിനു പിന്നാലെ വാഹനം ശരിക്കും കുലുങ്ങി. വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഇതുണ്ടായത്. വണ്ടി ശരിക്കും കുലുങ്ങുകയാണ്. ഒരു ഫോർച്യുണർ വണ്ടി കുലുങ്ങുക എന്നുപറഞ്ഞാൽ എത്രമാത്രം ഭയാനകമാണെന്ന് അറിയാമല്ലോ’ -ഒരു പ്രദേശവാസി പറഞ്ഞു.
ആദ്യ നിമിഷങ്ങളിൽ ഉണ്ടായ ഭയപ്പാടിനു ശേഷം ഓടിയെത്തിയവർ കണ്ടത് നിന്നു കത്തുന്ന വെടിപ്പുരകളാണ്. പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. സമീപത്തെ മരങ്ങളിലേക്കും തീ പടർന്നു. കുഴി മിന്നലുകളും അമിട്ടുകളും തുടരെത്തുടരെ പൊട്ടി. രക്ഷാപ്രവർത്തകർ പോലും വിറങ്ങലിച്ചുനിന്ന നിമിഷം.
വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകളിലെ കോൺക്രീറ്റ് കല്ലുകൾ വരെ ചിതറി. പ്രദേശവാസികൾക്കും രക്ഷാപ്രവർത്തകർക്കും എത്തിച്ചേരാനാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ജെസിബി ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്കുള്ള വഴി ഒരുക്കിയത്.




