സ്‌ട്രോങ്ങ് റൂം വിവാദം: ‘ദുരൂഹതയുണ്ട്’; പാര്‍ട്ടി ഗൗരവത്തില്‍ അന്വേഷിക്കുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്‌ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോലും ആരും പോകാന്‍ പാടില്ല എന്നാണ് നിയമമെന്ന് മുരളീധരന്‍ പറഞ്ഞു. പിന്നെ എന്തിനാണ് മെറ്റീരിയല്‍സ് വച്ചിട്ടുള്ള റൂം അതിനടുത്തെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് ചോദിച്ചു. ദുരൂഹതയുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി വളരെ ഗൗരവത്തോടുകൂടിയാണ് അന്വേഷിക്കുന്നതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ സാധിക്കില്ല. മെറ്റീരിയല്‍ അടങ്ങിയ ഒരു മുറി അതിനടുത്ത് തുറക്കാന്‍ പാടില്ല. സ്‌ട്രോങ്ങ് റൂമിന്റെ അടുത്ത് മെറ്റീരിയല്‍സ് കൊണ്ട് വച്ചതില്‍ ദുരൂഹതയുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശതമാന കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ എത്ര പോളിങ് ശതമാനം എന്ന് എനിക്ക് പോലും അറിയില്ല’, കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എല്‍ഡിഎഫ് അല്ല ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. ആരുടെയും കുടുംബ വക ഒന്നുമല്ലെന്നും പ്രിസൈഡിങ് ഓഫീസര്‍ ഡയറി മറന്നു വച്ചതില്‍ ദുരൂഹതയുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനവിധി അട്ടിമറിക്കാന്‍ ആണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചയെ കുറിച്ചുള്ള പി വി അന്‍വറിന്റെ പരാമര്‍ശത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്നുള്ള അഭിപ്രായം സിപിഐഎം പറയേണ്ടല്ലോ എന്നും അതാണ് പി വി അന്‍വര്‍ പറഞ്ഞതെന്നും കെ മുരളീധരന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞില്ലേ ഭരണം തങ്ങള്‍ക്കാണെന്നും എല്‍ഡിഎഫ് ഇനി അവരുടെ പ്രതിപക്ഷനേതാവ് ആരാണെന്ന് തീരുമാനിക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് യുഡിഎഫ് തീരുമാനിച്ചോളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെട്ടയം മലമുകളിലെ സിപിഐഎം – ബിജെപി സംഘര്‍ഷത്തില്‍ വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെയും ഒളിയമ്പുമായി കെ മുരളീധരന്‍ രംഗത്തെത്തി. ‘വട്ടിയൂര്‍ക്കാവില്‍ ഞാന്‍ എംഎല്‍എ ആയിരുന്ന എട്ടുവര്‍ഷക്കാലം ഒരു സംഘര്‍ഷവും ഉണ്ടായില്ല. ഞാന്‍ ആരുമായും യുദ്ധത്തിന് പോകാറില്ല. ഈ അടുത്തകാലത്താണ് അവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ളത്. പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായി.
തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അവിടെ സംഘര്‍ഷമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തില്‍ ഒരു പങ്ക് സിപിഐഎമ്മിന് ഉണ്ട്. എന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രശാന്ത് അവിടെ പ്രസംഗിച്ചത്. എന്റെ മുന്നണി ആത്മസംയമനം പാലിച്ചില്ലെങ്കില്‍ ആദ്യത്തെ അടി കാച്ചാണിയില്‍ നടന്നേനെ. ഞാന്‍ പ്രസംഗിക്കുന്ന ഇടത്ത് വാഹനം കൊണ്ടിട്ട് എന്റെ യാത്ര തടസപ്പെടുത്തിയപ്പോള്‍ പൊലീസ് ഒന്നും ചെയ്തില്ല’, കെ മുരളീധരന്‍ പറഞ്ഞു.
പക്ഷേ തങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയില്ലെന്നും പക്ഷേ നെട്ടയത്ത് എല്‍ഡിഎഫ് എത്തിയപ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടായെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഇതൊക്കെ നിയന്ത്രിക്കേണ്ടത് പൊലീസ് ആണ്. ആരെയും മര്‍ദ്ദിക്കുന്ന രീതി ശരിയല്ല. ആറോളം ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് തെറ്റാണ്.
പൊലീസ് ക്രൂരമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. ആ സംഘര്‍ഷം ഒഴിവാക്കാത്തതും വീഴ്ചയാണ്. തെറ്റ് ചെയ്തവര്‍ ആരാണ് അവര്‍ക്കെതിരെ പൊലീസ് കര്‍ശനമായി നടപടി സ്വീകരിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത സംഭവത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കൊള്ളക്കാരെ മൊത്തം തുറന്നുവിട്ടു എന്ന ആക്ഷേപം വന്നെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
‘അത് മറച്ചു പിടിക്കാന്‍ വേണ്ടിയുള്ള ചോദ്യം ചെയ്യലാണ്. നാലാം തീയതി യുഡിഎഫ് സര്‍ക്കാര്‍ വരും. സ്വര്‍ണക്കൊള്ള കേസ് ഗൗരവമായി അന്വേഷിക്കും. സ്വര്‍ണ്ണം കട്ട ഒരാളെയും രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ചോദ്യം ചെയ്യല്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള കളിയാണ്. ഈ ടീമിനെ കൊണ്ട് സത്യസന്ധമായ അന്വേഷണം നടക്കില്ല’, കെ മുരളീധരന്‍ പറഞ്ഞു.




