ഹൃദയാഘാതം മൂലം മലപ്പുറം തിരൂർ സ്വദേശി അൽ ഖർജിൽ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരൂർ അരിക്കഞ്ചിറ പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) ആണ് മരിച്ചത്. കഴിഞ്ഞ 33 വർഷമായി അൽ ഖർജ് മലഫിലെ ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. തിരൂർ അരിക്കഞ്ചിറയിലെ പരേതരായ കുഞ്ഞുമുഹമ്മദ്–ഫാത്തിമ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ചിരുന്ന അലി അക്ബർ, റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അൽ ഖർജിൽ ഡ്രൈവറായ സഹോദരൻ താമസസ്ഥലത്തെത്തി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി നിയമനടപടികൾ സ്വീകരിച്ചു.
കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ മലഫ് യൂനിറ്റ് അംഗമായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യ: സാബിറ, മക്കൾ: മൂന്ന് പേർ. സഹോദരങ്ങൾ: ഷുക്കൂർ, മുജീബ് (ഇരുവരും അൽ ഖർജിൽ ജോലി ചെയ്യുന്നു), സജീന.




