Uncategorized

ചരിത്ര വിജയം ഉറപ്പെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ എറണാകുളത്ത് നിന്നോ എന്ന ചോദ്യത്തിന് മറുപടി

ആലപ്പുഴ: യുഡിഎഫിന് ചരിത്ര വിജയം കിട്ടുമെന്നും എല്ലാ സ്ഥലത്തു നിന്നും കിട്ടുന്ന റിപ്പോർട്ടും സന്തോഷകരമാണെന്നും രമേശ് ചെന്നിത്തല. എല്ലാ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള പ്രചരണം നടന്നു. എല്ലാം ജനങ്ങൾ സ്വീകരിച്ചു. സ്ഥാനാർഥികളെ കുറ്റപ്പെടുത്താതെയും തേജോവധം ചെയ്യാതെയും അന്തസായ രീതിയിലാണ് പ്രചാരണം നടന്നത്. എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടായി ഇറങ്ങി. കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തോട് പ്രത്യേക താല്പര്യം കാണിച്ചെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിനകത്ത് അഭിപ്രായം വ്യത്യാസം ഉണ്ടായില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. പിണറായി വിജയന് ഗുഡ് ബൈ നൽകും. പലയിടത്തും ബിജെപി – സിപിഎം അന്തർധാരയുണ്ട്. ഇത്തരം അന്തർധാരകളെ എല്ലാം യുഡിഎഫ് ജയിക്കും. കണ്ണൂരിൽ പല ഭാഗത്തും അക്രമണം ഉണ്ടായി. ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി ആക്രമണ രാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ല. മതിലുകളോട് പോലും സിപിഎമ്മിന് ശത്രുതയാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമാണ്. എസ്ഐആർ വന്നത് നല്ലതാണ്. കള്ളവോട്ടുകൾ ചെയ്യാനുള്ള സാധ്യത കുറഞ്ഞെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആരാകും മുഖ്യമന്ത്രി? ചെന്നിത്തലയുടെ മറുപടി

മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്ന് ആണോ എറണാകുളത്ത് നിന്നാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കേരളത്തിൽ നിന്ന് ഉണ്ടാകും എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഫലം വന്ന ശേഷം തീരുമാനം എടുക്കും. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ആലപ്പുഴയിൽ യുഡിഎഫ് കനത്ത മുന്നേറ്റമുണ്ടാക്കും. വെള്ളാപ്പള്ളി നടേശൻ യാഥാർത്ഥ്യം ഉൾക്കൊണ്ടു. തുടർഭരണം ഉണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ അദ്ദേഹം നിലപാട് മാറ്റിയെന്നും ചെന്നിത്തല പ്രതികരിച്ചു. മുസ്ലിം ലീഗ് ഒരിക്കൽ പോലും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്നില്ല എന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചത്. തീരദേശ മേഖലയിലെ വോട്ട് യുഡിഎഫിന് ഗുണം ചെയ്യും. ഹരിപ്പാട്ടെ ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിനിടെ വി ‌ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പരോക്ഷമായി പങ്കുവെച്ചിരിക്കുകയാണ് മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലയിൽ നിന്നുള്ള ആൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ആയിരുന്നു ഷിയാസിന്റെ മറുപടി. എറണാകുളത്തു നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഷിയാസ് പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് വി ഡി സതീശൻ എന്നും ഷിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button