Uncategorized

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; 3 യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി, ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

താനെ: മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി. വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ആണ് സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ മലയാളിയായ ജയൻ എന്നയാൾ വെടിയുതിർക്കുകയായിരുന്നു.

രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വെച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു. കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗിക അതിക്രമണത്തിന് ശ്രമിച്ചു. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്.

യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടി വെച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരെ കൽസേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button