കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി. ഇരു ജില്ലകളിലുമായി 500 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂർ ജില്ലയിലെ ആലക്കോട്, നടുവിൽ, ഉദയഗിരി, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലുമാണ് കശുമാവ് വ്യാപന കൃഷിയുടെ മേജർ പ്രോജക്ട് നടപ്പിലാക്കുന്നത്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കാഷ്യൂ ആൻഡ് കൊക്കോ വികസന കാര്യാലയത്തിന്റെ ധനസഹായത്തോടെ കേരള പ്രദേശ് കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിലാണ് കശുമാവ് പുതുക്കൃഷി പദ്ധതി നടപ്പിലാക്കുന്നത്. കശുമാവ് പുതുക്കൃഷി പദ്ധതി ആനുകൂല്യത്തിനായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകർക്ക് അപേക്ഷിക്കാം. എങ്കിലും മേജർ പ്രോജക്ടിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ കർഷകർക്കാണ് മുൻഗണന. ഒരു ഹെക്ടർ സ്ഥലത്ത് 200 ഗ്രാഫ്റ്റ് തൈ കൃഷി ചെയ്യുന്നതിന് 20,000 രൂപയാണ് ധനസഹായമായി കർഷകർക്ക് നൽകുന്നത്.
അത്യുത്പാദനശേഷിയുള്ള ഗ്രാഫ്റ്റ് തൈകളും പദ്ധതിയുടെ ഭാഗമായി കർഷകർക്ക് വിതരണം ചെയ്യും. ചുരുങ്ങിയത് അരയേക്കർ സ്ഥലമുള്ള കർഷകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
സെമിനാർ 25ന്
കശുമാവ് വ്യാപന പദ്ധതിയുടെ ഭാഗമായി 25 ന് രാവിലെ പത്തിന് ആലക്കോട് സെന്റ് മേരീസ് പാരിഷ് ഹാളിൽ കശുമാവ് കർഷക സെമിനാർ നടക്കും. സെമിനാറിൽ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധർ ക്ലാസെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന കർഷകർക്ക് കശുമാവിൻ തൈക്ക് അപേക്ഷ നൽകാൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 9447954899, 9400718627
ലക്ഷ്യം പഴയ പ്രതാപം തിരിച്ചുപിടിക്കൽ’
കഴിഞ്ഞ രണ്ടു വർഷമായി കണ്ണൂർ ജില്ലയിലെ ഉളിക്കൽ, അയ്യൻകുന്ന്, ആറളം, ഏരുവേശി, മയ്യിൽ, കൊട്ടിയൂർ, പായം പഞ്ചായത്തുകളിലായി 350 ഹെക്ടർ സ്ഥലത്ത് കശുമാവ് പുതുക്കൃഷി നടത്തിയിരുന്നു. ഇതിന്റെ ധനസഹായം നൽകിക്കഴിഞ്ഞു. മലയോരമേഖലയിൽ റബർ കൃഷിയിൽനിന്നും കശുമാവ് കൃഷിയിലേക്ക് ധാരാളം കർഷകർ മാറിയിട്ടുണ്ട്.
കശുമാവ് കൃഷിയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും ഇപ്പോൾ ഈ സ്ഥാനം നഷ്ടപ്പെട്ടിരിക്കുകയാണ്. പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്നതാണ് കാഷ്യൂ സെല്ലിന്റെ ലക്ഷ്യം’.
അപേക്ഷ നൽകേണ്ടത്
കശുമാവ് കൃഷിയിൽ താത്പര്യമുള്ളവർക്ക് ആലക്കോട്, നടുവിൽ, ഉദയഗിരി, ചപ്പാരപ്പടവ്, ബളാൽ പഞ്ചായത്ത് ജനപ്രതിനിധികൾ മുഖേനയും ഉളിക്കലിലുള്ള കാഷ്യൂ സെൽ ഓഫീസിലും അപേക്ഷ നൽകാം. ഓഗസ്റ്റ് അഞ്ചിനുള്ളിൽ അപേക്ഷ നൽകണം. ബളാൽ പഞ്ചായത്തിൽ ഓഗസ്റ്റ് പത്തിനുള്ളിലും അപേക്ഷ നൽകണം. നിർദിഷ്ട ഫോം പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഈ വർഷം അടച്ച നികുതി രസീത് എന്നിവയുടെ പകർപ്പ് സഹിതമാണ് അപേക്ഷ നൽകേണ്ടത്.