Uncategorized

പരിഭ്രാന്തി പടർത്തിയ 1100ലേറെ സന്ദേശങ്ങൾക്ക് പിന്നിൽ ബിരുദാനന്തര ബിരുദധാരിയായ തൊഴിൽരഹിതൻ; എന്തായിരുന്നു ലക്ഷ്യമെന്ന് കണ്ടെത്താൻ വിശദ അന്വേഷണം

ദില്ലി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി വ്യാപക ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ മൈസൂരു സ്വദേശി ബിരുദാനന്തര ബിരുദധാരിയായ തൊഴിൽ രഹിതനെന്ന് പൊലീസ്. 1100 ലേറെ വ്യാജ ബോംബ് ഭീഷണിയാണ് 47കാരനായ ശ്രീനിവാസ് ലൂയിസ് നടത്തിയത്. സ്കൂളുകൾ, കോടതികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയാണ് ഭീഷണിയുണ്ടായത്. ശ്രീനിവാസ് ലൂയിസ് അമ്മയ്ക്കൊപ്പമാണ് താമസം. അമ്മ വിരമിച്ച അധ്യാപികയാണ്. ബൃന്ദാവൻ ലേഔട്ടിലാണ് ഇവരുടെ വീട്. എന്തിനാണ് ശ്രീനിവാസ് ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയതെന്ന് വ്യക്തമല്ല. പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും നിലവിൽ അറിയില്ല. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തുടർച്ചയായി ലഭിച്ച വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭീഷണി സന്ദേശങ്ങൾ വന്നത് കർണാടകയിൽ നിന്നാണെന്ന് കണ്ടെത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വ്യാജ ബോംബ് ഭീഷണികളെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒട്ടനവധി ഇമെയിലുകൾ അയച്ച് സ്ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി പൊതുജനങ്ങളെയും സുരക്ഷാ ഏജൻസികളെയും ഇയാൾ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇത് വലിയ തോതിലുള്ള ആശങ്കയ്ക്കും സുരക്ഷാ പരിശോധനകൾക്കും വഴിതെളിച്ചു.

പ്രധാനമായും ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. മൈസൂരുവിലെ വിവി പുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. വ്യാജ സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച നിരവധി സിം കാർഡുകളും ഒരു ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതിയെ ദില്ലിയിൽ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button