Uncategorized

കോൺഗ്രസ് നേതാക്കൾ അണികളെ ചതിക്കുന്നു, സ്ഥാനാർഥിയായത് ജനങ്ങളുടെ നിർബന്ധത്താൽ”; വാർത്താ സമ്മേളനത്തിനിടെ വിതുമ്പി കൊയ്യം ജനാർദനൻ

കണ്ണൂർ: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി തളിപ്പറമ്പിലെ വിമത സ്ഥാനാർഥി കൊയ്യം ജനാർദനൻ. സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള നൂറുകണക്കിന് പേർ യുഡിഎഫിലുള്ളപ്പോൾ എൽഡിഎഫ് വിട്ടെത്തിയ ടി.കെ. ഗോവിന്ദനെ പിന്തുണച്ചതിലൂടെ നേതാക്കൾ അണികളെ ചതിക്കുകയാണ് ചെയ്യുന്നതെന്ന് ജനാർദനൻ പ്രതികരിച്ചു. വിതുമ്പിക്കൊണ്ടായിരുന്നു കൊയ്യം ജനാർദനൻ്റെ പ്രതികരണം. കോൺഗ്രസ് പാർട്ടി പരിശുദ്ധമാണ്, പാർട്ടിയെ തകർക്കുന്നത് ഒരു വിഭാഗം നേതാക്കളാണെന്നും ജനാർദനൻ പറഞ്ഞു.

തന്നോട് നോമിനേഷൻ പിൻവലിക്കരുത് എന്ന് ആയിരക്കണക്കിന് വോട്ടർമാർ ആവശ്യപ്പെട്ടുവെന്നും ജനാർദനൻ പ്രതികരിച്ചു. സ്ഥാനാർഥിയായത് ജനങ്ങളുടെ നിർബന്ധം കൊണ്ടാണ്. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയവർ വിളിച്ചിരുന്നു. പിന്മാറാൻ സാധിക്കാത്തതിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നും ജനാർദനൻ പറഞ്ഞു.
സിപിഐഎം നേതാവായിരുന്ന ടി.കെ. ഗോവിന്ദനോടുള്ള പക യുഡിഎഫ് പ്രവർത്തകർക്കുണ്ടെന്നും അത് വോട്ടിൽ പ്രതിഫലിക്കുമെന്നും ജനാർദനൻ പറഞ്ഞു. തളിപ്പറമ്പിലെ ഏക കോൺഗ്രസ് സ്ഥാനാർഥി കൊയ്യം ജനാർദനനാണ്. കോൺഗ്രസിന്റേത് ഒരു രാഷ്ട്രീയ പാർട്ടിയും എടുക്കാത്ത വൃത്തികെട്ട നിലപാടാണ്. 53 വർഷം പ്രവർത്തിച്ചിട്ടാണ് കെപിസിസി മെമ്പർ സ്ഥാനം ലഭിച്ചത്. പുറത്താക്കിയതോടെ തനിക്ക് മുകളിൽ ഇനി നേതൃത്വമില്ല, ജനങ്ങൾ മാത്രമാണുള്ളത്. തനിക്ക് നോമിനേഷൻ നൽകാൻ പോലും പണമുണ്ടായിരുന്നില്ലെന്നും ഒരാൾ അയച്ചു നൽകിയ പണമാണ് കെട്ടിവച്ചതെന്നും ജനാർദനൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കൊയ്യം ജനാർദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നേതൃത്വം ഇടപെട്ടിട്ടും മത്സരത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് തീരുമാനം. തളിപ്പറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയില്ലാതെ താൻ പിന്മാറില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ജനാർദനൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button