മഹുവാ മൊയക്ക് കേരള പൊലീസിന്റെ നോട്ടീസ്; ‘കമ്മീഷന്റെ കത്തിലെ ബിജെപി സീൽ’ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപിയുടെ സീൽ വന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്തുക്ക് കേരള പൊലീസിന്റെ നോട്ടീസ്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
പൊലീസിന്റെ നോട്ടീസ് മഹുവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താൻ എക്‌സിൽ പങ്കുവെച്ചിരുന്നെന്നും അത് ‘സാമുദായിക ഐക്യം’ ഇതിനേക്കാൾ തകർക്കുന്നതാണെന്നും പൊലീസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു. ‘വാനിഷ് കുമാർ’ എന്നാണ് മഹുവ കമ്മീഷനെ വിശേഷിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായിക്കും കേരള പൊലീസിൻ്റെ നോട്ടീസ് ലഭിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിലാണ് ബിജെപിയുടെ സീൽ പതിച്ചത്. സംഭവം വലിയ വിവാദമാകുകയും കമ്മീഷനെതിരെ വിമർശനമുയരുകയും ചെയ്തിരുന്നു. എന്നാൽ, ബിജെപിയുടെ സീൽ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായും കമ്മീഷൻ അറിയിച്ചിരുന്നു.




