Uncategorized

യുഎഇയിൽ കനത്ത ഇടിയും മഴയും: കടപുഴകി വീണ് മരങ്ങൾ, വാദികൾ നിറഞ്ഞൊഴുകി; വാഹന ഗതാഗതം മന്ദഗതിയിൽ

അബുദാബി/ദുബായ് ഷാർജ യുഎഇയിൽ കനത്ത ഇടിയും മഴയും ആലിപ്പഴം വർഷവും. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ശക്‌തമായ മഴ 27 വരെ തുടരുമെന്ന് അറിയിച്ച കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം വിവിധയിടങ്ങളിൽ റെഡ്, യെലോ അലർട്ട് പ്രഖ്യാപിച്ചു.
അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിലായി. റോഡിലെ വെള്ളക്കെട്ട് മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിക്കുകയാണ് നഗരസഭഅധികൃതർ. വാഹന ഗതാഗതം മന്ദഗതിയിലായി. മണിക്കൂറുകളെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. മുൻവർഷങ്ങളിലെ പ്രളയം മുന്നിൽ കണ്ട് ചില സ്വകാര്യ സ്‌ഥാപനങ്ങൾ നേരത്തെ തന്നെ അടച്ചു. വരും ദിവസങ്ങളിൽ മഴ ശക്‌തമാകുമെന്ന് അറിയിപ്പുള്ളതിനാൽ ലാപ്ടോപ് എടുത്ത് വീട്ടിലിരുന്ന് ജോലി ചെയ്താൽ (റിമോട്ട് വർക്ക്) മതിയെന്നും നിർദേശിച്ച കമ്പനികളും ഒട്ടേറെ.
ദുബായ്, അബുദാബി, ഷാർജ, അജ്‌മാൻ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ വിവിധയിടങ്ങളിൽ വ്യാപകമായ മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ഡാമുകൾ (വാദി) നിറഞ്ഞൊഴുകി. ഷാർജ മലീഹയിലും അബുദാബിയിലെ ചിലയിടങ്ങളിലും ആലിപ്പഴം വർഷത്തിന്റെ അകമ്പടിയോടെയായിരുന്നു മഴ.

ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകളായ ഷെയ്ഖ് സായിദ് റോഡ്, ഇ-311 എന്നിവിടങ്ങളിൽ ഗതാഗതം മന്ദഗതിയിലായി. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ശക്തമായ കാറ്റിൽ കടപുഴകി റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്തുവരികയാണ്. മരങ്ങൾ വീണ് ചിലയിടങ്ങളിൽ കെട്ടിടങ്ങളുടെ പുറംഭാഗത്തിനും ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫുജൈറയിലെ വാദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെടാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത നിർദേശം നൽകി.

ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണമെന്നും വാദികളിൽ നിന്നും വെള്ളക്കെട്ട് ഉണ്ടാകാൻസാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോരങ്ങൾക്കു സമീപം താമസിച്ചുവരുന്ന സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

മഴ വിശേഷങ്ങൾ മഴയ്ക്ക് കാരണം ന്യൂനമർദ പാത്തി

അബുദാബി സൗദി അറേബ്യയുടെ തെക്കുഭാഗത്തുനിന്നും ചെങ്കടലിൽനിന്നും രൂപപ്പെട്ട ന്യൂനമർദ പാത്തി യുഎഇയിലേക്ക് വ്യാപിച്ചതാണ് ഈ മഴയ്ക്ക് കാരണം. ഇത് അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ ഈർപ്പമുള്ള കാറ്റിനെ എത്തിക്കുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള തണുത്ത കാറ്റ് എത്തിയതും താഴെ നിന്ന് ചൂടുള്ള കാറ്റും തമ്മിൽ കൂട്ടിമുട്ടിയതോടെ മേഘംൾ അതിവേഗം രൂപപ്പെട്ടു. ഇതു ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ആലിപ്പഴം വർഷത്തിനും കാരണമായത്. മഴയുടെ അളവ് വർധിപ്പിക്കുന്നതിനായി യുഎഇ വർഷങ്ങളായി നടത്തുന്ന ക്ലൗഡ്സീഡിങ് (കൃത്രിമ മഴ) പരീക്ഷണങ്ങളും ഇത്തരം മഴമേഘങ്ങൾ രൂപപ്പെടുമ്പോൾ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. സ്വാഭാവികമായ മഴയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു.

മാർഗനിർദേശവുമായിഎമിറേറ്റ്സ് എയർലൈൻ

ദുബായ് യുഎഇയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് വിമാന സർവീസിൽ തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് എയർലൈന്റെ മുന്നറിയിപ്പ്. കാലാവസ്‌ഥാ വ്യതിയാനം കാരണം റോഡുകളിൽവെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നും നിർദേശിച്ചു. ചെക്ക്-ഇൻ നടപടികൾക്കും സെക്യൂരിറ്റി പരിശോധനകൾക്കും കൂടുതൽ സമയമെടുക്കാൻ സാധ്യതയുള്ളതിനാലാണ് നേരത്തെ വിമാനത്താവളത്തിൽ എത്താൻ അഭ്യർഥിച്ചത്. യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ അവസ്‌ഥ എമിറേറ്റ്സ്വിമാനത്തിന്റെ നിലവിലെ അവസ്‌ഥ എമിറേറ്റ്സ് വെബ്സൈറ്റിലോ ആപ്പിലോ പരിശോധിച്ച് ഉറപ്പുവരുത്തണം. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു.

മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ് കാറ്റും മഴയും ശക്തമാകുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്. മഴയുള്ളപ്പോൾ റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വേഗം കുറച്ച് വാഹനം ഓടിക്കണം. മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുകയും ഹസാർഡ് ലൈറ്റുകൾ അനാവശ്യമായി ഉപയോഗിക്കുന്നത്ഒഴിവാക്കുകയും വേണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരം റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണം.

കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ പോകുന്നതും കടലിൽ ഇറങ്ങുന്നതും കർശനമായി നിരോധിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത സഹായങ്ങൾക്ക് 901 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.
നിയമലംഘകർക്ക് പിഴ 2000 ദിർഹം

അബുദാബി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഫുജൈറ, റാസൽഖൈമ തുടങ്ങി വിവിധ എമിറേറ്റുകളിലെ ഡാമുകൾക്ക് സമീപമുള്ള പ്രദേശങ്ങൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ പോകുന്നത് കർശനമായി നിരോധിച്ചു. വെള്ളപ്പൊക്കമുള്ള വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വാഹനം ഓടിക്കുന്നവർക്കും അനാവശ്യമായി ഇത്തരം സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നവർക്കും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളുമായിരിക്കും ശിക്ഷ.

വാഹനം 60 ദിവസത്തേക്ക്കണ്ടുകെട്ടും. വാദികൾക്കു സമീപംഒത്തുകൂടിയാലും അടിയന്തര വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കിയാലും 1000 ദിർഹം പിഴയുണ്ട്.
ഷാർജയിൽ സൗജന്യ പാർക്കിങ്

പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ബ്ലൂ സൈൻ മേഖല ഉൾപ്പെടെ എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളിലും ഫീസ് ഒഴിവാക്കിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകളിലെ വെള്ളക്കെട്ടും യാത്രാ തടസ്സങ്ങളും പരിഗണിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഈ തീരുമാനം. മഴ സാഹചര്യം മെച്ചപ്പെടുന്നതു വരെ ഈ ആനുകൂല്യം തുടരും.
ഗതാഗത നിയമം പാലിക്കണം

ദുബായ് നനഞ്ഞ റോഡുകളിൽ ടയർ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ നിശ്ചിത വേഗം കുറച്ച് വാഹനം ഓടിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കി പതുക്കെ വേഗം കുറയ്ക്കണം.
വൈദ്യുതാഘാതം ഒഴിവാക്കാം

അബുദാബി യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ എമിറേറ്റിലെ ഊർജ വകുപ്പും നഗരസഭയും നിർദേശിച്ചു. മഴവെള്ളം വൈദ്യുത ലൈനുകളുമായുള്ള സമ്പർക്കത്തിൽ വരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button