പി ജെ ജോസഫിൻ്റെ ക്യാബിനറ്റ് പദവി; യുഡിഎഫിൽ സമ്മർദ്ദം ശക്തം, അതൃപ്തി പരസ്യമാക്കി മോൻസ് ജോസഫ്

പി ജെ ജോസഫിന് ക്യാബിനറ്റ് റാങ്ക് പദവി നൽകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നതയും സമ്മർദ്ദവും ശക്തമാകുന്നു. പദവി ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ള അതൃപ്തി പരസ്യമായതോടെ വിഷയം യുഡിഎഫിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ധാരണകൾ നീണ്ടുപോകുന്നത് ആർക്കും നല്ലതല്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയതോടെ മുന്നണിക്കുള്ളിലെ സമ്മർദ്ദവും വർധിച്ചു.
പി ജെ ജോസഫിന് ക്യാബിനറ്റ് റാങ്ക് നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് വിഭാഗം. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്തതിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. നേരത്തെ ഉണ്ടായ ധാരണകൾ നടപ്പാക്കണമെന്നാണ് വിഭാഗത്തിന്റെ ആവശ്യം.
അപുവിന് ക്യാബിനറ്റ് റാങ്ക് നൽകിയ സാഹചര്യത്തിൽ ജോസഫിനും സമാന പദവി നൽകേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഒരു കുടുംബത്തിൽ രണ്ട് പേർക്ക് ക്യാബിനറ്റ് റാങ്ക് നൽകുന്നത് ശരിയല്ലെന്ന വാദവും കോൺഗ്രസ് ഉയർത്തുന്നുണ്ട്. ഇതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതിനും പരിഹാരം തേടുന്നതിനുമായി മോൻസ് ജോസഫ് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നാണ് സൂചന.




