Uncategorized

വൈദ്യുതി കരാറിലും സരൾ നിയമത്തിലും സർക്കാരിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്, നവംബർ 26 ന് മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ

തിരുവനന്തപുരം: വൈദ്യുതി കരാറുമായും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമവുമായും ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ജി എൻ എ (GNA) വഴി കരാർ ഉണ്ടാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ അധിക ബാധ്യത ഉണ്ടാകുമെന്നതിനാലാണ് ബോർഡ് അത് വേണ്ടെന്ന് വെച്ചത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ കർശന നിലപാടെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബോർഡിനില്ലാത്ത താത്പര്യം മുഖ്യമന്ത്രി എന്തിനാണ് കാണിക്കുന്നതെന്നും, ചുരുങ്ങിയ നിരക്ക് പറഞ്ഞ കമ്പനികളെ തള്ളി എതിർപ്പ് പ്രകടിപ്പിച്ച ഐ എ എസ് ഉദ്യോഗസ്ഥനെ മാറ്റിയതിലും മുഖ്യമന്ത്രിയുടെ വാശി പ്രകടമാണെന്ന് അദ്ദേഹം വിമർശിച്ചു. കൂടാതെ തണ്ണീർത്തട വയൽ നിയമത്തിന് എതിരായ സരൾ നിയമം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്നും, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26 ന് എൽ ഡി എഫ് മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സി പി എം – സി പി ഐ തർക്കം

സംസ്ഥാനത്തെ പി എസ് സിയെ തകർക്കുക എന്നതാണ് സർക്കാരിന്റെ നിലപാടയെന്നും, എന്നാൽ പി എസ് സിയെ സംരക്ഷിക്കാനാണ് എൽ ഡി എഫ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽ ഡി എഫ് ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടി പി വിവരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആ സ്ഥാനം സി പി എമ്മിന് തന്നെ വേണമെന്നാണ് സി പി എം നിലപാട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള ചില എതിർപ്പുകൾ കാരണമാണ് സി പി ഐ പാർലമെന്ററി പാർട്ടി യോഗത്തിൽ സഹകരിക്കാത്തതെന്നും എൽ ഡി എഫ് യോഗത്തിൽ ഇതേക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട് ‘ചിന്ത’ വാരികയിൽ വന്ന സി പി ഐ വിമർശനം ഒരു ചെറിയ കാര്യമാണെന്നും അത് ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. സി പി എമ്മും സി പി ഐയും ഒന്നിച്ചാണ് പുന്നപ്ര വയലാർ വാർഷികം ആചരിച്ചത്. മുന്നണിയിൽ സി പി ഐ ഇത്തരമൊരു പ്രശ്നം ഉന്നയിച്ചിട്ടില്ലെന്നും സി പി എമ്മും സി പി ഐയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button