Uncategorized

മണിയൂർ പോക്സോ കേസ്; പ്രവാസി വ്യവസായിയെ ഇന്ന് കോടതിയിൽ ഹാജരാക്കും, അറസ്റ്റിൽ ആഹ്ളാദ പ്രകടനം നടത്തി നാട്ടുകാർ

കോഴിക്കോട്: വിവാദമായ മണിയൂർ പോക്സോ കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) കോഴിക്കോട് റൂറൽജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. റഫീഖിന്റെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി പോക്സോ കോടതി വിധി 26-ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിൽ വിശദമായ വാദംകേട്ടശേഷം ബുധനാഴ്ച രാവിലെ ഹൈക്കോടതി സ്റ്റേ നീക്കി. ഈ വിവരം വന്ന് മിനിറ്റുകൾക്കുള്ളിൽ റഫീഖ് പോലീസിന്റെ കസ്റ്റഡിയിലായി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഒന്നരവർഷം മുൻപ്‌ മണിയൂർ സ്വദേശിനിയായ പതിനൊന്നുവയസ്സുകാരിയെ മാതാവിന്റെ സുഹൃത്തായ റഫീഖ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ റഫീഖിനെ പിടികൂടാൻ വൈകുകയും ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. പൊലീസിനെതിരേ വലിയ ജനകീയരോഷം ഉയർന്നു. ഇതോടെ കേസ് കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവിൽ ക്രൈംബ്രാഞ്ച് കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കാറിൽ വരുന്നതിനിടെ പത്തരയോടെ റഫീഖിനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റിൽ നാട്ടുകാർ ആഹ്ളാദ പ്രകടനം നടത്തി. വടകര മണിയൂരിൽ നടന്ന പ്രകടനംത്തിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് പങ്കെടുത്തത്.

അറസ്റ്റ്, ജാമ്യം, നാട്ടുകാരുടെ പ്രതിഷേധം
വടകര മണിയൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ റഫീഖ് മാതാവിന്‍റെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന 12 കാരിയുടെ വെളിപ്പെടുത്തലിൽ കഴിഞ്ഞ ജനുവരി 16നാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷത്തോളം പ്രതി റഫീഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതായിരുന്നു പെൺകുട്ടിയുടെ മൊഴി. പൊലീസ് കേസ് എടുത്തതോടെ റഫീഖ് വിദേശത്തേക്ക് കടന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവിനെ മാത്രമായിരുന്നു പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പ്രതിഷേധം ശക്തമാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button