കൊല്ലത്തെ മത്സ്യബന്ധന ബോട്ടുകളെ തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ആക്രമിച്ച സംഭവം; ശക്തികുളങ്ങര നീണ്ടകര ഹാർബറുകളിൽ ഇന്ന് പണിമുടക്ക്

കൊല്ലത്തു നിന്നുള്ള മത്സ്യബന്ധന ബോട്ടുകളെ തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ആക്രമിച്ച സംഭവത്തിൽ ഇന്ന് കൊല്ലം ശക്തികുളങ്ങര നീണ്ടകര ഹാർബറുകളിൽ പണിമുടക്ക്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പത്തിലധികം ബോട്ടുകളെ ആക്രമിച്ച സംഭവത്തിൽ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിവരം.ഇന്ത്യൻ മഹാസമുദ്രത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ പരിധിയിലുള്ള കടൽ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ശക്തികുളങ്ങര സ്വദേശികളുടെ ബോട്ടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ഇരയായ ഏഴ് ബോട്ടുകൾ ശക്തികുളങ്ങര jഹാർബറിൽ മടങ്ങിയെത്തിയിരുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ കടലിൽ പതിവാണെന്ന് ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും പറഞ്ഞുമത്സ്യം ലഭിക്കുന്ന മേഖല തങ്ങളുടേതാണെന്നും അവിടെ മത്സ്യബന്ധനം അനുവദിക്കില്ലെന്നും വാദിച്ചാണ് തമിഴ്നാട് ബോട്ടുകൾ ആക്രമിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി മുന്നറിയിപ്പുകളും ഭീഷണികളും തുടരുന്നതിനിടെയാണ് നൂറിലധികം തമിഴ്നാട് ബോട്ടുകൾ എത്തിയത്. കേരള ബോട്ടുകളിൽ കയറി വലകൾ, റോപ്പുകൾ, ജി.പി.എസ് ഉപകരണങ്ങൾ, വയർലെസ് സെറ്റുകൾ തുടങ്ങിയവ കടലിലേക്ക് എറിയുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഒരു ബോട്ടിൽ മാത്രം 25 ലക്ഷം മുതൽ 32 ലക്ഷം രൂപ വരെയുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.




