കെ. മുരളീധരൻ മാപ്പ് പറയണം’; സർക്കാരിന് പറ്റിയ പാളിച്ചകളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഇല്ലാത്ത വിവാദം സൃഷ്ടിക്കുന്നുവെന്ന് പിണറായി

തിരുവനന്തപുരം: റെംഡിസൈവിർ വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ആരോഗ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകരുടെ ആത്മസമർപ്പണത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. സർക്കാരിന് പറ്റിയ ഗുരുതര പാളിച്ചകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആരോഗ്യമന്ത്രി ഇല്ലാത്ത വിവാദം സൃഷ്ടിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. കെ. മുരളീധരൻ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്ന് കഴിഞ്ഞോയെന്ന് സംശയമുണ്ടെന്ന് മന്ത്രി നിയമസഭയിൽ ഉന്നയിച്ചിരുന്നു. 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്ന് സൂപ്രണ്ട് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, മന്ത്രിയുടെ ആരോപണം തള്ളി ചികിത്സിച്ച ഡോക്ടർ രംഗത്തെത്തിയിരുന്നു. 2023ന് ശേഷമുള്ള നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ലെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോ. അനൂപ് കുമാർ എ എസ് വ്യക്തമാക്കി. ഈ കാലയളവിൽ മരിച്ച ആറ് പേർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ആറിൽ നാല് പേർക്കും മരിച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ട് പേർക്ക് മരുന്ന് നൽകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി




