സുധാ പിള്ളാകമ്മിറ്റി റിപ്പോർട്ട് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖ, കേന്ദ്രത്തിന് വഴങ്ങി കിഫ്ബിയെ ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്: പിണറായി വിജയൻ
കിഫ്ബിയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണ് സുധാ പിള്ളാകമ്മിറ്റി റിപ്പോർട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടുത്ത സ്വകാര്യവൽക്കരണ കേന്ദ്ര നയത്തിന് സമാനമായി കേരളവും നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.മാപ്പുകൾ കാണുക.
കിഫ്ബിയെ സാങ്കേതികമായി ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ജനകീയ വികസന മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് കിഫ്ബി. അതിനെ തകർത്ത് കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വഴങ്ങി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
കിഫ്ബിയെ കുറിച്ച് വലിയ ആക്ഷേപമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനരംഗത്ത് നമ്മൾ ഉണ്ടാക്കിയ കുതിപ്പിൽ
പ്രധാന പങ്കുവഹിച്ചത് കിഫ്ബിയാണ്. അതൊന്നും കാണാതെ സുധാ പിള്ള കമ്മിറ്റി ആകെ ആക്ഷേപിക്കുകയാണ്. ലാഭം മാത്രം കാണുന്ന വാണിജ്യ വായ്പ സ്ഥാപനത്തെ കാണുന്നത് പോലെയാണ് സുധാ പിള്ള കമ്മിറ്റി കിഫ്ബിയെ കണ്ടത്. അങ്ങനെയാണോ കാണേണ്ടതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സമൂഹത്തിനു വേണ്ടിയുള്ള നിക്ഷേപമാണ് അതെന്നും ലാഭത്തിന്റെ കണ്ണിലൂടെയല്ല കാണേണ്ടതെന്നും വ്യക്തമായി.കേന്ദ്രസർക്കാരിന്റെ കടുത്ത സ്വകാര്യവൽക്കരണ നയത്തിന് സമാനമായി കേരളവും നീങ്ങുന്നു. കിഫ്ബി വലിയ ബാധ്യത ഉണ്ടാക്കി എന്ന തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. വായ്പയെടുത്ത് നാടിനു വേണ്ട ആസ്തി സൃഷ്ടിച്ചാൽ അത് എങ്ങനെയാണ് ബാധ്യത ആകുന്നത്? സംസ്ഥാന സർക്കാർ ആഗ്രഹിച്ച വാദഗതിയാണ് കമ്മിറ്റി കണ്ടത്.കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഒരക്ഷരം പോലും സുധാപിള്ള കമ്മിറ്റി പറഞ്ഞില്ല. അതൊന്നും കണ്ട ഭാവം പോലും നടിച്ചില്ല. കേന്ദ്രസർക്കാരിന്റെ നയത്തിന് കീഴടങ്ങുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം ദുർബലമാക്കുന്നതാണ്.
റവന്യൂ വകുപ്പാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കുന്ന തുകയെ കമ്പോള വിലയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉന്നയിക്കാൻ പാടുണ്ടോ? കണ്ണൂർ ജില്ലയിലെ ഭൂമി ഏറ്റെടുക്കലിൽ പ്രതികരിച്ച അദ്ദേഹം കല്ലുവെട്ട് നടക്കുന്ന പറമ്പുകൾ കണ്ണൂരിൽ ഉണ്ടെന്നും അത് ക്വാറി അല്ലെന്നും ചൂണ്ടിക്കാട്ടി.
കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനു തൊട്ടടുത്ത സ്ഥലം ഉണ്ട് എന്നുള്ളതാണ്. കൊച്ചിയിലും കരിപ്പൂരിലും വിമാനത്താവളത്തിനടുത്ത് സ്ഥലം ലഭിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് കണ്ണൂരിൽ ലഭിച്ച ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങിയത്.
കണ്ണൂർ വിമാനത്താവളത്തിൽ അവകാശം സ്ഥാപിക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തുന്നത് കണ്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന 2001- 2006 വരെയുള്ള കാലയളവിൽ കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഒരു ചെറുവിരൽ അനക്കിയോ? അതിനുശേഷം എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ് അതിൻറെ പ്രവർത്തനങ്ങൾ നടത്തിയത്.
കണ്ണൂർ വിമാനത്താവളത്തിന്റെ നേരവകാശിയായി അവകാശപ്പെടുന്നത് ശരിയല്ല. കണ്ണൂരിൽ നിലവിൽ ഏറ്റെടുത്ത ഭൂമി ഇനിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കിഫ്ബിയിൽ എല്ലാ മണ്ഡലത്തിലും എല്ലാ ജില്ലകളിലും ഒരേപോലെ കാര്യങ്ങൾ ചെയ്തു എന്നുള്ളതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കിഫ്ബി ലാഭകരമല്ല എന്ന സമീപനം ശരിയല്ല. നവ ലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായിട്ടുള്ളതാണ്.കേന്ദ്രസർക്കാർ കേരളത്തിനോട് സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ സമീപനമാണ്. കിഫ്ബി എടുക്കുന്ന വായ്പയെ സംസ്ഥാന വായ്പയിൽ ഉൾപ്പെടുത്തിയത് അതിന്റെ ഭാഗമാണ്. അതിൽ സംസ്ഥാന സർക്കാർ നൽകിയ കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തിന് അവകാശപ്പെട്ട ഒരു കാര്യം നിഷേധിച്ചതിനെതിരെയാണ് കേസ്. എൽഡിഎഫ് സർക്കാർ തുടങ്ങിയതുകൊണ്ട് തങ്ങൾ കൈവിടുകയാണ് എന്നല്ല സർക്കാർ സമീപനം സ്വീകരിക്കേണ്ടത്. ആ പോരാട്ടം തുടരുകയാണ് ചെയ്യേണ്ടത്.
23 വരുമാനദായക പദ്ധതികൾ കിഫ്ബിക്ക് ഉണ്ട്. 4153 കോടി അതിൽനിന്നും കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനവും ലഭിച്ചിട്ടുണ്ട്. എന്നാൽ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ കിഫ്ബിക്ക് ഇല്ല എന്നാണ് പ്രചരിപ്പിക്കുന്നത്. സ്കൂളുകളും ആശുപത്രികളും നാടിന്റെ നിക്ഷേപമാണ്. കേന്ദ്രസർക്കാരിന്റെ ആരോപണങ്ങളെ അതേപടി പകർത്തി എഴുതിയ രാഷ്ട്രീയ രേഖയാണ് സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട്.
രാജ്യത്തെ ആകെ കോർപ്പറേറ്റുകൾ എഴുതുന്ന സ്വകാര്യവൽക്കരണ നയത്തിന് മുന്നിൽ മുട്ടുകുത്തുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. ജനകീയ വികസന ബദൽ സംരക്ഷിക്കപ്പെടണമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കിഫ്ബിയിൽ ചർച്ച നിഷേധിച്ച സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.




