Uncategorized

ചേരാനല്ലൂർ അപകടം: ‘ആർസി ഓണറായ ജില്ലാ ജഡ്ജി ഔദ്യോഗിക ആവശ്യത്തിനല്ല പൊലീസ് സ്റ്റേഷനിൽ പോയത്’; റിപ്പോർട്ട്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ ആര്‍സി ഓണറായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയതെന്നും സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയുടെ ഭരണ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതി പരിശോധിക്കും. അതേസമയം, ജഡ്ജിക്ക് എംവിഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അപകടമുണ്ടാക്കിയ ബെന്‍സിന്റെ ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും.

അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പൊലീസ് തുടങ്ങിയിട്ടുണ്ട്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നായിരുന്നു ജഡ്ജിയുടെ മൊഴി. പതിനേഴുകാരന്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം.

കേസില്‍ തുടര്‍നടപടികളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപി പി വിജയന്‍ ഇന്ന് കൊച്ചിയിലെത്തും. ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ വൈകിട്ട് നാലുമണിക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button