മഴ മുന്നറിയിപ്പ്: കേരളത്തിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾക്ക് തമിഴ്നാട്ടിൽ നിരോധനം

മഴ മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾക്ക് തേനി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെക്ക് പോസ്റ്റിൽ എത്തിയ നൂറുകണക്കിന് വാഹനങ്ങൾ പൊലീസ് തടഞ്ഞത് സംഘർഷത്തിനും കാരണമായി.അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള തൊഴിലാളി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി തേനി ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടരുതെന്ന് കർശന നിർദേശവും പൊലീസിന് നൽകി. ഇതോടെ തൊഴിലാളികളുമായി വന്ന സ്വകാര്യ വാഹനങ്ങളും ജീപ്പുകളും ചെക്ക് പോസ്റ്റുകളിൽ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച തൊഴിലാളികളെ ഇറക്കി, അവരുടെ ടിക്കറ്റ് തുക തിരികെ നൽകി. ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഏലത്തോട്ടങ്ങളിൽ ജോലിക്കായി എത്തുന്നത്. പെട്ടെന്നുണ്ടായ തടയലിൽ തൊഴിലാളികൾ പ്രകോപിതരായതോടെ നേരിയ സംഘർഷത്തിനും കാരണമായി.മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മരം വീഴൽ, മണ്ണിടിച്ചിൽ സാധ്യതകൾ നിലനിൽക്കുന്നതിനാലും, ബോഡിമെട്ട് ചുരത്തിൽ ഗതാഗതം അപകടകരമായതിനാലും മഴയുടെ ശക്തി കുറയുന്നതുവരെ അതിർത്തി ഗ്രാമങ്ങളിൽ ജോലിക്ക് പോകുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് തേനി ജില്ലാ ഭരണകൂടം. ചെക്ക് പോസ്റ്റുകളിൽ സുരക്ഷ സജ്ജീകരണങ്ങളും പൊലീസിന്റെ കാവലും ശക്തമാക്കിയിട്ടുണ്ട്.




