Uncategorized

‘മോദിയുടെ അച്ഛനും പോകും’; സദസില്‍ നിന്നുള്ള പരാമര്‍ശത്തില്‍ ഖര്‍ഗെ നല്‍കിയ മറുപടി വിവാദത്തില്‍

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസംഗത്തിലെ പരാമര്‍ശം വിവാദത്തില്‍. ബിഹാറിലെ പട്‌നയില്‍ ഡോ. ശ്രീ കൃഷ്ണ സിങിന്റെ 139ാമത് ജന്മ വാര്‍ഷിക ആഘോഷത്തിനിടെ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദത്തിലായത്. വോട്ട് കൊള്ള നടത്തിയ മോദിക്കെതിരെ കേസെടുത്ത് ജയിലില്‍ അടക്കണമെന്ന് ഖര്‍ഗെ പറഞ്ഞിരുന്നു. പിന്നാലെ ‘പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയും പോകില്ല’ എന്ന് ഒരാള്‍ വേദിയില്‍ നിന്നും എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. ഉടനെ ‘മോദിയുടെ അച്ഛനും പോകും’ എന്ന് ഖര്‍ഗെ മറുപടി പറയുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ ഖര്‍ഗെ ആഞ്ഞടിച്ചു.

‘പ്രധാനമന്ത്രി മോദിക്ക് കളവ് പറയുന്ന സ്വഭാവമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ 100 ദിവസങ്ങളില്‍ അദ്ദേഹം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ആ പണമെവിടെ എന്നാണ് എനിക്ക് മോദിയോട് ചോദിക്കാനുള്ളത്’, ഖര്‍ഗെ പറഞ്ഞു. ആര്‍എസ്എസിനെതിരെയും ഖര്‍ഗെ പ്രതികരിച്ചു. രാജ്യത്ത് ആര്‍എസ്എസ് എത്രക്കാലം നിലനില്‍ക്കുന്നുവോ അത്രയും കാലം സമാധാനമുണ്ടാകില്ലെന്ന് ഖര്‍ഗെ പറഞ്ഞു. തുടക്കകാലം മുതലേ സംഘം വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.തനിക്കെതിരെ നടന്ന ജാതി വിവേചനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ‘മതത്തിനെതിരെയല്ല നമ്മുടെ പോരാട്ടം. മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെയാണ്. എന്റെ വിശ്വാസത്തില്‍ എനിക്ക് അഭിമാനമുണ്ട്. വിശ്വാസം ആളുകളെ ഒന്നിപ്പിക്കേണ്ടതായിരിക്കണം, വേര്‍തിരിക്കുന്നതാകരുത്’, അദ്ദേഹം പറഞ്ഞു. എസ്‌ഐആര്‍ റദ്ദാക്കണമെന്നും ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എല്ലാം റദ്ദാക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.

എസ്‌ഐആറിനെതിരെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിലെ കൊള്ളയിലും അദ്ദേഹം പ്രതികരിച്ചു. ശ്രീരാമന്റെ കണ്ണുകള്‍ തുറക്കണേയെന്നും അദ്ദേഹത്തിന്റെ പേരില്‍ കൊള്ള നടത്തിയവരെ ശിക്ഷിക്കണേയെന്നും താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button