Uncategorized

ഗ്യാനേഷിനെതിരെ രണ്ടാം ഘട്ട സമരം; ഡല്‍ഹിയില്‍ ഇന്ന് പീപ്പിള്‍ എഗെയിന്‍സ്റ്റ് SIR മാര്‍ച്ച്, കര്‍ഷകരും സമരത്തിന്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടാം ഘട്ട പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയില്‍ പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ്‌ഐആര്‍ ഫോറത്തിന്റെ ഭാഗമായി ജനകീയ മാര്‍ച്ചാണ് ഇന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, വിദ്യാര്‍ത്ഥി നേതാക്കളായ ഐഷി ഘോഷ്, നേഹ ബോറ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍ തുടങ്ങിയ പൗര പ്രമുഖരാകും മാര്‍ച്ചിന് നേതൃത്വം നല്‍കുക.

ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സിജെപി നേതാക്കള്‍ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുത്തേക്കില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും മാര്‍ച്ച് നയിക്കാന്‍ എത്തിച്ചേരുമെന്നാണ് വിവരം. കൂടാതെ മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മാര്‍ച്ചിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മാര്‍ച്ചിനെ നേരിടാനുള്ള സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാനാകും ഡല്‍ഹി പൊലീസിന്റെ തീരുമാനം. മാര്‍ച്ചിലേക്ക് ഇന്‍ഡ്യ സഖ്യത്തെ ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഉച്ചക്ക് കൊണാട്ട് പ്ലേസില്‍ എത്തും മുമ്പ് തന്നെ മാര്‍ച്ച് തടയാനാകും പൊലീസ് തീരുമാനം.ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് കേരളത്തിലും വലിയ സമരമാണ് സംഘടിപ്പിക്കപ്പെടുന്നത്. ഉച്ചയോടെ ലോക്ഭവനിലേക്ക് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത മാര്‍ച്ച് സംഘടിപ്പിക്കും. എസ്എഫ്‌ഐ, എഐഎസ്എഫ്, കെഎസ്‌സി(എം), എസ്എസ്എഐ, എഐഡിഎസ്ഒ തുടങ്ങിയ ഇടത് വിദ്യാര്‍ത്ഥി സംഘടനകാളാണ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജന്‍, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി, എസ്യുസിഐ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് തുങ്ങിയവരും പങ്കെടുക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കാളികളാകും. വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ് തലസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. അതേസമയം കേരള ഗവര്‍ണറായി ഓം പ്രകാശ് മാതൂര്‍ ചുമതല ഏല്‍ക്കുന്ന ദിവസമായ ഇന്ന് തന്നെയാണ് സമരം ശക്തമാകുന്നതെന്നതും പ്രധാനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button